
ശ്രീനഗർ: ജമ്മുകാശ്‌മീർ ജില്ലാ വികസന കൗൺസിൽ (ഡി.സി.സി) തിരഞ്ഞെടുപ്പിനിടെ സ്ഥാനാർത്ഥിക്ക് വെടിയേറ്റു. വെള്ളിയാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ദക്ഷിണ കാശ്‌മീരിലെ കോക്കർനാഗ് മേഖലയിലെ സ്ഥാനാർത്ഥിയായ അനീസ് ഉൽ ഇസ്ലാമിന് നേരെ അജ്ഞാതൻ വെടിവച്ചത്. ചികിത്സയിലുള്ള അനീസ് അപകടനില തരണം ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. കാശ്മീരിൽ കഴിഞ്ഞ മാസം മുതൽ ആരംഭിച്ച ഡി.ഡി.സി തിരഞ്ഞെടുപ്പിനിടെ റിപ്പോർട്ട് ചെയ്യുന്ന ആദ്യ അക്രമസംഭവമാണിത്.
അതേസമയം വെടിയുതിർത്തയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. അനീസ് അടുത്തിടെയാണ് അൽതാഫ് ബുഖാരി നയിക്കുന്ന അപ്നി പാർട്ടിയിൽ ചേർന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.