pool

തിരുവനന്തപുരം: അനധികൃതമായി നിർമ്മിച്ച സ്വിമ്മിംഗ് പൂള്‍ പൊളിഞ്ഞത് കാരണം അയൽവാസിയുടെ മതിലും വീടും തകർന്നു. നെയ്യാറ്റിൻകരയിലാണ് സംഭവമുണ്ടായത്. സന്തോഷ് കുമാർ എന്നയാൾ നിർമ്മിച്ച സ്വിമ്മിംഗ് പൂളാണ് തകർന്നത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. നാലുമാസം മുമ്പാണ് സന്തോഷ് സ്വിമ്മിംഗ് പൂളിന്റെ നി‍ർമ്മാണം ആരംഭിച്ചത്.

എന്നാൽ അതിയന്നൂർ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പൂള്‍ നിർമ്മിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നും 35 മീറ്റർ ഉയരത്തിലാണ് സന്തോഷ് സ്വിമ്മിംഗ് പൂള്‍ നിർമ്മിച്ചത്. ഇന്നലെ വൈകുന്നേരം പൂളിൽ വെള്ളം നിറച്ചപ്പോഴാണ് തകർന്നത്.

വെള്ളവും കോണ്‍ക്രീറ്റ് കഷ്ണങ്ങളും ശക്തമായി വന്നിടിച്ചാണ് ഗോപാലകൃഷ്ണന്‍റെ മതിലും വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും തകർന്നത്. വീട്ടിനുള്ളിൽ വെള്ളവും നിറഞ്ഞു. സ്ഫോടന ശബദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടുകയായിരുന്നു.

അനധികൃത നിർമ്മാണത്തെ കുറിച്ച് പഞ്ചായത്തിനും പൊലീസിനും നേരത്തെ പരാതികള്‍ നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.