election

തിരുവനന്തപുരം: കേരളത്തിന്റെ തിര‍ഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ പ്രത്യേകമായി രേഖപ്പെടുത്താൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് പ്രചാരണം വേണ്ടത്ര ചൂട് പിടിച്ചില്ലായിരുന്നു. അതിനിടെയാണ് പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് സ്ഥാനാർത്ഥികളും പ്രചാരണ വാഹനങ്ങളും കൂട്ടപ്പൊരിച്ചിലിലാകുന്ന കൊട്ടിക്കലാശവും ഇത്തവണ ഒഴിവാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് 6ന് പരസ്യപ്രചാരണത്തിന് തിരശീല വീഴും. കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചിട്ടുണ്ട്..

ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഇതു ലംഘിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ നടപടിയുണ്ടാകും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും ക്ളക്ടർ അഭ്യർത്ഥിച്ചു. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം. സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ ഇതിന്റെ ആവശ്യമില്ല. പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ വാഹന പ്രചാരണ പരിപാടികൾ ജില്ലയിൽ വലിയ തോതിൽ നടക്കുന്നുണ്ട്. വിവിധ സ്ഥാനാർത്ഥികളുടെ പ്രചാരണ വാഹനങ്ങൾ ജംഗ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സമയം നിർത്തിയിട്ട് അനൗൺസ്‌മെന്റ് നടത്തുന്നതായും ഇതുമൂലം ആൾക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സ്ഥാനാർത്ഥികൾ ശ്രദ്ധിക്കണം. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാൻ പൊലീസിനും കളക്ടർ നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ എം.സി.സി ജില്ലാതല മോണിറ്ററിംഗ് സമിതി കളക്ടറേറ്റിൽ ചേർന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി (റൂറൽ) ബി. അശോകൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലാ നോഡൽ ഓഫിസർ ജി.കെ. സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.