modi-sha

മുംബയ്: മഹാരാഷ്​ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത​ തിരിച്ചടി. ആർ.എസ്​.എസ്​ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്​പൂരിൽ അടക്കം ബി.ജെ.പി തോറ്റു.

ആറ്​ സീറ്റുകളിലാണ്​ തിരഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ വിജയിക്കാനായത്​.

ശിവസേന- എൻ.സി.പി- കോൺഗ്രസ് നയിക്കുന്ന മഹാവികാസ്​ അഗാഡി സഖ്യം നാല്​ സീറ്റുകളിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.
കോൺഗ്രസ്​ സ്ഥാനാർത്ഥി അഭിജിത്​ വാൻജാരിയാണ്​ നാഗ്​പൂരിൽ ബി.ജെ.പിയെ തകർത്തത്​. 18,710 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വാൻജാരി 61,701 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ്​ ജോഷിക്ക്​ 42,991 വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയുടെ തട്ടകമെന്ന്​ അറിയപ്പെടുന്ന നാഗ്പൂർ ബി.ജെ.പിയുടെ ശക്​തികേന്ദ്രങ്ങളിലൊന്നാണ്​. ഔറംഗാബാദ്​ ഡിവിഷനിൽ എൻ.സി.പി സ്ഥാനാർത്ഥി സതീഷ്​ ചവാനും പൂനെയിൽ എൻ.സി.പിയുടെ അരുൺ ലാഡും ജയിച്ചു. ധുലെ-നന്ദുർബറിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ വിജയിക്കാനായത്​.