
സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെയും പുരുഷന്മാർ അത് ചെയ്യുന്നതിനെയും രണ്ട് തരത്തിലാണ് സമൂഹം നോക്കി കാണുക. പുരുഷന്മാർ വാഹനം ഓടിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ സ്വാഭാവികമാണ് നാം വിലയിരുത്തുമ്പോൾ സ്ത്രീകൾക്ക് ഡ്രൈവിങ്ങിനിടെ തെറ്റുകൾ അവരുടേത് മാത്രമാണ് എന്ന രീതിയിലാകും മിക്കവാറും നാം കാണുക. ഇതുമൂലം, വാഹനം കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ സമൂഹം അടിച്ചേൽപ്പിക്കുകയും ചെയ്യും.
സ്ത്രീക്കും പുരുഷനും അവകാശങ്ങൾ ഒന്നുതന്നെ ആണെന്നിരിക്കെ, വാഹനം കൈകാര്യം ചെയ്യാൻ ഭർത്താവിന്റെയും മറ്റും അനുവാദത്തിനായി കാത്തുനിൽക്കേണ്ട ഗതികേട് പുരോഗമന മൂല്യങ്ങൾ വിലപ്പെട്ടതായി കാണുന്ന കേരളം പോലെയൊരു സമൂഹത്തിൽ ഉണ്ടാകാൻ പാടുള്ളതല്ല. ഇത്തരത്തിലെ ഒരു അവസ്ഥയെ താൻ അതിജീവിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് സിൻസി അനിൽ എന്ന യുവതി. നിശ്ചയമായും അനവധി സ്ത്രീകൾക്ക് പ്രചോദനമാകുന്നതാണ് സിൻസി ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ്.
കുറിപ്പ് ചുവടെ:
എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാർ ഓടിക്കുക എന്നത്. മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച് കാർ ഓടിക്കാൻ പഠിക്കുക അല്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. ലൈസൻസ് എടുക്കുന്നത് 10 വർഷം മുൻപാണ്. മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്ത് ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാൻ പഠിക്കണം എന്ന് തോന്നിയത്. അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്പോൾ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക. അങ്ങനെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു കാറും ടൂ വീലറും ലൈസൻസും ഒക്കെ എടുത്തു.. അപ്പൊൾ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി. മോനെ മുന്നിൽ നിർത്തി ഞങ്ങൾ രണ്ടാളും അതിലായി പിന്നീടുള്ള യാത്ര.
കാർ ഓടിക്കാൻ എവിടെ നിന്നും കിട്ടുന്നില്ല. ആർക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പപ്പയുടെ ഒരു കാർ ഇടയ്ക്ക് ഇറക്കി ഇടും കയറ്റി ഇടും. അത്രേയൊക്കെ തന്നെ. ഒരിക്കൽ പപ്പയുടെ കാർ എടുത്തു പറയാതെ മോനെയും കൊണ്ട് ടൗണിൽ പോയി. തിരിച്ചു എത്തിയപ്പോ വീട്ടിൽ നാട്ടുകാര് മുഴുവനും ഉണ്ട്. മമ്മി നിലവിളിച്ച് വിളിച്ചു വരുത്തിയതാണ് എന്നെ കാണാഞ്ഞിട്ട്.
അവർക്കു അമേരിക്കയിലേക്ക് പോകേണ്ട സമയം ആയപ്പോൾ താക്കോൽ എന്നെ ആണ് ഏൽപ്പിക്കുക. അവര് പോയാൽ ഞാൻ ഇതെടുത്തു ഓടിക്കും എന്നുള്ളത് കൊണ്ട് പോകാൻ നേരം ബൈബിൾ എടുത്തോണ്ട് വന്നു കാറിൽ തൊടരുത് എന്ന് സത്യം ചെയ്യിക്കാൻ മമ്മി മറന്നില്ല. അതോടെ കാർ എന്ന സ്വപനം എനിക്ക് വിദൂരതയിലായി. എന്നെ സത്യം ചെയ്യിപ്പിച്ചു അമേരിക്കയ്ക്ക് കടന്നു കളഞ്ഞ 60 കഴിഞ്ഞ എന്റെ അമ്മച്ചി അവിടെ ചെന്ന് കാമ്രി ഓടിച്ചു നടക്കുന്ന ഫോട്ടോയാണ് പിന്നീട് ഞാൻ കണ്ടത്. ഇവിടെ ആക്ടിവയും ഓടിച്ചു നടക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. എന്റെ അഭിമാനത്തിന് ക്ഷതമേറ്റു. എനിക്ക് വണ്ടി ഓടിക്കണം. ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു.
പിന്നീട് അങ്ങോട്ട് കെട്ടിയോന് സ്വൈര്യം ഇല്ലാത്ത ദിനങ്ങൾ ആയിരുന്നു. ആശാൻ എനിക്ക് പഠിക്കാനായി ആശാന്റെ എ സ്റ്റാർ തന്നിട്ട് പുള്ളിക്കു പുതിയ എസ് ക്രോസ് വാങ്ങി. പിന്നീട് എ സ്റ്റാർ ഉരുട്ടിയുള്ള നടപ്പായിരുന്നു കുറച്ചു ദിവസങ്ങൾ. വഴിയിൽ വണ്ടി ഓഫ് ആയി പോവുക. ക്ലച്ച് കൊടുക്കാതെ ഗിയർ മാറുക. ഗിയർ മാറി വീഴുക. ഹാഫ് ക്ലച്ചിൽ കാർ പുറകോട്ട് പോവുക. സംഭാവബഹുലമായിരുന്നു ഡ്രൈവിംഗ് പഠനം. കെട്ടിയോന്റെ പല്ല് ഞെരിഞ്ഞു തീർന്നതല്ലാതെ ഞാൻ ഡ്രൈവിംഗ് പഠിച്ചില്ല.
ഇല്ല. ഇതെനിക്ക് പഠിക്കാൻ ആവില്ല. കാർ ഓടിക്കാൻ ഈ ജന്മം എനിക്ക് ആവില്ല. നിരാശയായി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ സൺഷൈൻ വയറ്റിൽ ഉണ്ടെന്നു അറിയുന്നത്. പിന്നെ ഡ്രൈവിംഗ് ഒക്കെ വിട്ടു. അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ എ സ്റ്റാർ വിൽക്കാൻ തീരുമാനമായി. മോൾ ഉണ്ടായി ഇത്തിരി കഴിഞ്ഞു ഒരു ഓട്ടോമാറ്റിക് കാർ വാങ്ങുക എന്നതായിരുന്നു എന്റെ ഗൂഡലക്ഷ്യം. ഓട്ടോമാറ്റിക് ഓടിക്കുന്ന ചില മഹതികളുടെ അനുഭസാക്ഷ്യം കൂടി ആയപ്പോ ഓട്ടോമാറ്റിക് കാറുകളോട് ഭയങ്കര ആരാധനയായി. ഇനി അത് മതി. തീരുമാനിച്ച് ഉറപ്പിച്ചു.
ഇടയ്ക്ക് ഇടയ്ക്ക് ഓട്ടോമാറ്റിക് കാറിനെ കുറിച്ച് കെട്ടിയോനെ ഉത്തരവാദിത്തതോടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. ഓട്ടോമാറ്റിക് ആർക്കും ഓടിക്കാം. മാനുവൽതന്നെ പഠിക്കൂ. അതാകുമ്പോ ഏതു വണ്ടിയും നിനക്ക് ഓടിക്കാം. ഇതായിരുന്നു അങ്ങേരുടെ ഉപദേശം. ഉപദേശം പണ്ടേ ഇഷ്ടമില്ലാത്ത കൊണ്ട് നമ്മൾ അത് ചെവികൊണ്ടില്ല. കെട്ടിയോന് അടുത്ത കാർ വാങ്ങുമ്പോൾ ഈ എസ് ക്രോസ് മാറ്റി ഓട്ടോമാറ്റിക് കാർ ആക്കണം. ഞാൻ തീരുമാനം ഒക്കെ എടുത്തിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കെട്ടിയോൻ അടുത്ത കാർ എടുത്തു. അപ്പോൾ മാന്യമായി എസ് ക്രോസിന്റെ താക്കോൽ തന്നിട്ട് പറഞ്ഞു. ഇത് ഓടിച്ചു പഠിക്കു. ഇൻഡിപെൻഡന്റ് ആകണം എന്നുണ്ടെങ്കിൽ. ഞാൻ പറഞ്ഞു. പറ്റില്ല. എനിക്ക് ചെറിയ ഒരു കാർ പോലും ഇത്രയും കാലം നോക്കിയിട്ട് നടന്നില്ല. എന്നിട്ടാണ് ഇത്.
ഈ ഡിസ്കഷൻ നടക്കുമ്പോൾ ഒരു കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്നു. അവൻ എന്നോട് പറഞ്ഞു. ഈ കാർ ഓടിക്കാൻ പറ്റുന്നില്ലെങ്കിൽ നീ ഒരു കഴിവ് കെട്ട സ്ത്രീയാണ് ന്നു എനിക്ക് പറയേണ്ടി വരും എന്ന്. തമാശ ആയിരുന്നെങ്കിലും എനിക്ക് അത് നന്നായി പൊള്ളി. ലവൻ എന്റെ വെറുപ്പീര് പോസ്റ്റ് കണ്ട് അൺഫ്രണ്ട് ചെയ്തു പോയതിനാൽ മെൻഷൻ ചെയ്യുന്നില്ല. ആ രാത്രി തീരുമാനം എടുത്തു. എസ് ക്രോസ് ഓടിച്ചിട്ട് തന്നെ കാര്യം. അങ്ങനെ ഒരു ബീച്ചിന്റെ സൈഡിലുള്ള ആളൊഴിഞ്ഞ റോഡിൽ എനിക്ക് കെട്ടിയോൻ വണ്ടി തന്നു. വണ്ടി എടുക്കുന്നതും വണ്ടി എന്റെ കണ്ട്രോളിൽ ഇല്ലാതെ പോകുന്നു. ഗിയർ ഇടുമ്പോൾ ക്ലച്ച് ഫുൾ ആകുന്നില്ല. ഹാഫ് ക്ലച്ച് കിട്ടുന്നില്ല. ഒരു ബസിൽ കയറി ഇരിക്കുന്ന അവസ്ഥ. ആകെ ജഗപൊക.
വീണ്ടും സാഡ്. ആകെ നിരാശ. വണ്ടി മാറ്റണം. മാറ്റിയാൽ മാത്രമേ പറ്റൂ. എന്റെ കംഫോർട്ട് അതാണ്. ഭാര്യയും ഭർത്താവും പൊരിഞ്ഞ വഴക്കായി. ഞാൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ വണ്ടി ആണ്. നിനക്ക് സൗകര്യം ഉണ്ടെങ്കിൽ ഓടിച്ചു പഠിച്ചോ. ഇൻഡിപെൻഡന്റ് ആകണമെന്നുണ്ടെങ്കിൽ. അല്ലെങ്കിൽ അതവിടെ കിടക്കും. ഇത് കൊടുത്തിട്ട് ഓട്ടോമാറ്റിക് കാർ ഞാൻ വാങ്ങുകയുമില്ല. കെട്ടിയോൻ അടിവര ഇട്ടു പറഞ്ഞു. മുറ്റത്തു കിടക്കുന്ന കാറിലേക്ക് നോക്കി നെടുവീർപ്പിട്ട് പഴയ ആക്ടിവയിൽ മക്കളെ കൊണ്ട് യാത്ര തുടർന്നു. വഴിയിൽ എത്തുമ്പോൾ മോൾ ഉറങ്ങി പോകും. അവളെ വഴിയിൽ തോളത്തു ഇട്ടു നില്കും. അവളുടെ ഉറക്കം കഴിയുന്ന വരെ. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി.
വീണ്ടും വണ്ടി വിൽക്കാൻ ശ്രമം നടത്തി. അതവിടെ പോകില്ലെന്ന് മാത്രമല്ല, അതുപറഞ്ഞു നല്ല വഴക്കുമായി. മാനസികസംഘർഷമായി. സൊല്യൂഷൻ തേടി ഓടിയെത്തിയത് കൂട്ടുകാരിയുടെ അടുത്താണ്. അവിടുന്ന് ഒരു സൊല്യൂഷൻ ആയിട്ടാണ് തിരിച്ചു വരവ്. അവളുടെ പരിചയത്തിൽ ഒരു ചേട്ടൻ നല്ല ക്ഷമയോടെ സ്വന്തം കാറിൽ പഠിപ്പിക്കും. അങ്ങനെ ചേട്ടനെയും കൊണ്ട് എസ് ക്രോസ് ഓടിക്കാൻ തുടങ്ങി. ചേട്ടന്റെ ക്ഷമയുടെ നെല്ലിപലക എത്തിയിട്ടുണ്ടാകണം. ആദ്യത്തെ ദിവസം ഞാൻ പഴയ അവസ്ഥ തന്നെ. ആകെ മൊത്തം ടോട്ടൽ പരാജയം.
വീണ്ടും ഇത് ശരിയാവില്ല എന്നുള്ള ചിന്ത തുടങ്ങി. ആ രാത്രി ചേട്ടനെ വിളിച്ചു. ആത്മാർഥമായി പറയണം. എനിക്ക് ഈ വണ്ടി ഓടിക്കാൻ പറ്റുവോ. പറ്റുന്നില്ലെങ്കിൽ എനിക്ക് ഈ വണ്ടി മാറ്റി ഓട്ടോമാറ്റിക് എടുക്കണം. എന്റെ ചോദ്യം കേട്ടിട്ട് ചേട്ടൻ ചിരിച്ചിട്ട് പറഞ്ഞു. നന്നായി ഓടിക്കുന്നുണ്ടല്ലോ. ഇനി കുറച്ചു കാര്യങ്ങൾ കൂടി ഉള്ളൂ. ധൈര്യമായിരിക്കൂ. ഓടിക്കാൻ ആകും. എന്റെ കോൺഫിഡൻസ് കൂട്ടിയത് ആ വാക്കുകൾ ആണ്. എനിക്ക് അറിയാം ഞാൻ അന്ന് വമ്പൻ പരാജയം ആയിരുന്നു എന്ന്. ഒരാഴ്ച ട്രൈ ചെയ്യാം എന്നിട്ട് ബാക്കി നോക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി.
ആറാമത്തെ ദിവസം ഞാൻ നന്നായി ഓടിക്കുന്നു എന്ന് ചേട്ടൻ പറഞ്ഞു. ഏഴാമത്തെ ദിവസം മക്കളെയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോയി വന്നു. ആദ്യം വിളിച്ചു പറഞ്ഞതു ചേട്ടനെ തന്നെയാണ്. ലൈസൻസ് ഉണ്ടായിട്ടും കാർ ഉണ്ടായിട്ടും ഓടിക്കാൻ പറ്റാത്ത സ്ത്രീകൾ ഉണ്ട്. ഞാൻ ഇവിടെ ഇതെഴുതുന്നത് അവർക്കു വേണ്ടിയാണ്. എനിക്ക് പറ്റിയെങ്കിൽ പെണ്ണുങ്ങളെ നിങ്ങൾക്കും പറ്റും. നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാൻ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട. ക്ഷമ ഉള്ള ഒരാൾക്ക് മാത്രമേ നമ്മൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തരാൻ സാധിക്കൂ. ഷിബു ചേട്ടായി... നിറഞ്ഞ സ്നേഹം ട്ടോ...'