
മോസ്കോ: ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാൻ വേണ്ടി മാത്രം അങ്ങനെ അധികം റിസ്ക് എടുക്കാൻ പലരും തയാറാകാറില്ല. എന്നാൽ ബർഗർ കിട്ടാൻ വേണ്ടി മാത്രം ഒരു റഷ്യൻ കോടീശ്വരൻ ചെലവഴിച്ചിരിക്കുന്നത് 2 ലക്ഷം രൂപയാണ്. അടുത്തുള്ള മക്ഡൊണാൾഡ് ഔട്ട്‌ലെറ്റിലെത്തി ഇഷ്ടപ്പെട്ട ബർഗർ കഴിക്കാൻ വൻ തുകയ്ക്ക് ഹെലികോപ്ടർ ബുക്ക് ചെയ്താണ് ഇയാൾ ഏവരെയും ഞെട്ടിച്ചത്.
33 കാരനായ വിക്ടർ മാർറ്റൈയോവും കാമുകിയും ക്രിമിയയിൽ അവധിക്കാലം ആഘോഷിച്ചു വരികയായുരുന്നു. പ്രാദേശിക ഭക്ഷണം കഴിച്ച് മടുത്തതോടെയാണ് ജങ്ക് ഫുഡ് കഴിക്കണമെന്ന് ഇവർക്ക് തോന്നിയത്. 450 കിലോമീറ്റർ അകലെ മക്ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റ് ഉണ്ടെന്ന് അറിഞ്ഞതോടെ വിക്ടർ ഹെലികോപ്ടർ വാടകയ്ക്കെടുക്കുകയായിരുന്നു. 2,000 പൗണ്ടാണ് ( ഏകദേശം 2 ലക്ഷം രൂപ ) വിക്ടർ ഇതിനായി ചെലവഴിച്ചത്.
ഷോപ്പിലെത്തിയ ഉടൻ തന്നെ ബർഗറുകൾ, ഫ്രഞ്ച് ഫ്രൈസ്, മിൽക്ക് ഷേക് തുടങ്ങി 49 പൗണ്ടിന്റെ ( ഏകദേശം 4800 രൂപ ) ഭക്ഷണമാണ് വിക്ടർ ഓർഡർ ചെയ്തത്. ഹെലികോപ്ടറിൽ തന്നെയാണ് തിരികെ ക്രിമിയയിലേക്ക് മടങ്ങിയത്. രസകരമായ മറ്റൊരുകാര്യമെന്തെന്നാൽ ശതകോടീശ്വരനായ വിക്ടർ മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെലികോപ്‌ടർ വില്പന കമ്പനിയുടെ സി.ഇ.ഒ ആണെന്നുള്ളതാണ്.