
ബെലാഗവി : കര്‍ണാടകയിൽ പത്ത് വയസുകാരനെ മുതല കടിച്ചുകൊന്നു. റെയ്ച്ചൂർ ജില്ലയിലാണ് സംഭവം. മല്ലികാര്‍ജുൻ എന്ന ബാലനാണ് ദാരുണാന്ത്യം. പതിവായി കൃഷ്ണ നദിയുടെ തീരത്ത് കന്നുകാലികളെ മേയ്ക്കാറുണ്ടായിരുന്നു മല്ലികാര്‍ജുനെയും കൂട്ടുകാരും. കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ ഇവിടെയെത്തിയ മല്ലികാര്‍ജുൻ ഉച്ച ഭക്ഷണം കഴിച്ചശേഷം കൈ കഴുകാൻ നദിയുടെ വക്കിലേക്ക് പോയി.
ഈ സമയത്താണ് മുതല കുട്ടിയെ പിടികൂടിയത്. മല്ലികാർജുനെയേയും കൊണ്ട് മുതല നദിയ്ക്കടിയിലേക്ക് ഊളിയിട്ടു. മറ്റ് കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ വികൃതമാക്കപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നദിയിൽ ആറോളം മുതലകൾ ഉണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്.