
കർഷക സമരത്തിന് പിന്തുണയുമായി തമിഴ് നടൻ കാർത്തി. നമുക്ക് ഭക്ഷണം നൽകുന്ന കർഷകർ റോഡിൽ പ്രതിഷേധം നടത്തുകയാണെന്നും അവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സർക്കാർ നടപടി എടുക്കണമെന്നുമാണ് കാർത്തി തന്റെ ട്വിറ്റർ ഹാൻഡിൽ വഴി വ്യക്തമാക്കിയത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കർഷകരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് അവർ കരുതുന്നുവെന്നും നടൻ പറയുന്നു.
'കര്‍ഷകര്‍ എന്നുള്ള ഐഡന്റിറ്റിയിലാണ് അവർ ഒത്തുകൂടിയിരിക്കുന്നത്. അധ്വാനിക്കാത്ത ഒരു ദിവസം പോലുമില്ലാത്തവരാണ് തങ്ങളുടെ സ്വത്തും, കൃഷി ഭൂമിയും, കാര്‍ഷിക വിളകളും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ നില്‍ക്കുന്നത്. ജലക്ഷാമം, പ്രകൃതിക്ഷോഭം, വിളകള്‍ക്ക് ന്യായമായ വില ലഭിക്കാതിരിക്കല്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്.'- കാർത്തി ചൂണ്ടിക്കാണിച്ചു.
കോര്‍പ്പറേറ്റുകളാണ് പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കളെന്നും കർഷകർ വിശ്വസിക്കുന്നു എന്നും കാർത്തി പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും ശേഷം ആവശ്യമായ പരിഹാരങ്ങൾ കാണാനും താൻ അഭ്യർത്ഥിക്കുന്നു എന്നും നടൻ കൂട്ടിച്ചേർത്തു. 'നമ്മുടെ കർഷകരെ നാം മറക്കരുത്' എന്ന തലക്കെട്ടാണ് കാർത്തി തന്റെ ട്വീറ്റിന് നൽകിയിരിക്കുന്നത്.
Let’s not forget our farmers!#FarmersProtest pic.twitter.com/m5sqnkf9HD