
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ വനിതാ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ
ഗുരുതര ആരോപണവുമായി യുവതി. പ്രസവ ശേഷം കുഞ്ഞിനെ വിട്ടുനൽകുന്നതിനായി 2000 രൂപ കെെക്കൂലിയായി ജീവനക്കാർ വാങ്ങിയെന്ന് യുവതി പറയുന്നു. പണം നൽകിയ ശേഷം മാത്രമാണ് ജീവനക്കാർ കുട്ടിയെ കെെമാറിയതെന്നും യുവതി ആരോപിച്ചു.
"പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും നവജാത ശിശുവിനെ വിട്ടുനൽകാതെ ആശുപത്രി അധികൃതർ
കസ്റ്റഡിയിൽ വച്ചിരിക്കുകയായിരുന്നു.തുടർന്ന് ജില്ലാ ആശുപത്രിയിലെ ജീവനക്കാർ ബന്ധുക്കളോട് കെെക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയതോടെയാണ് കുഞ്ഞിനെ ലഭിച്ചത്." യുവതി പറയുന്നു.
യുവതിയുടെ പരാതി ശ്രദ്ധയിൽപെട്ടതായും കൃത്യമായ അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സംഗീത ഗോയൽ പറഞ്ഞു. ആശുപത്രി ജീവനക്കാരിൽ നിന്നും മോശമായ അനുഭവം നേരിട്ടതിനെ തുടർന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.