
ലക്‌നൗ: ഇതര മതസ്ഥർ തമ്മിലുള്ള വിവാഹം തടഞ്ഞ് പൊലീസ്. ഉത്തർ പ്രദേശിലെ ലക്‌നൗവിലുള്ള ദൂദാ കോളനിയിലാണ് സംഭവം നടന്നത്. ഇവിടെ വച്ച് നടക്കാനിരുന്ന 24കാരന്റെയും 22കാരിയുടെയും വിവാഹമാണ് ഹിന്ദു സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരെത്തി തടഞ്ഞത്.
യുവാവിന്റെയും യുവതിയുടെയും ബന്ധുക്കളുടെ സമ്മതത്തോടെ നടക്കാനിരുന്ന വിവാഹം യു.പിയിലെ പുതിയ മതപരിവർത്തന തടയൽ നിയമപ്രകാരം കുറ്റകരമാണെന്നായിരുന്നു ഹിന്ദു സംഘടനകൾ നൽകിയ പരാതി.
തുടർന്ന് ദൂദാ കോളനി പരിധിയിലായി വരുന്ന പരാ പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള പൊലീസുകാരെത്തി വിവാഹം നടത്താൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ സമ്മതം വേണമെന്ന് വധൂവരന്മാരെയും ബന്ധുക്കളെയും അറിയിച്ചത്.
വിവാഹദിവസമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. വിവാഹശേഷം മുസ്ലിം മതത്തിൽ പെട്ട വരന് ഹിന്ദുമതം സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നുവെന്ന് പരാ സ്റ്റേഷൻ എസ്.എച്ച്.ഒ ത്രിലോകി സിംഗ് പറയുന്നുണ്ട്.
അതേസമയം വധൂവരന്മാരുടെ ബന്ധുക്കൾക്ക് വിവാഹത്തിന് സമ്മതമായിരുന്നുവെന്നും മതംമാറ്റം സംബന്ധിച്ച സമ്മർദ്ദങ്ങളേതും വധൂവരന്മാരുടെ മേൽ ഉണ്ടായിന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മതംമാറ്റത്തിന് സമ്മർദ്ദമുള്ളതായി കാണപ്പെടാതിരിക്കാനായാണ് വിവാഹത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ സമ്മതം വാങ്ങണമെന്ന് തങ്ങൾ ആവശ്യപ്പെട്ടതെന്നും രാഷ്ട്രീയ യുവ വാഹിനി പ്രവർത്തരുടെ പരാതിമൂലമാണ് തങ്ങൾ വിവാഹം തടഞ്ഞതെന്നും സിംഗ് വ്യക്തമാക്കി.
വിവാഹത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ സമ്മതം തങ്ങൾ വാങ്ങാമെന്ന് ബന്ധുക്കൾ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമപ്രകാരം വിവാഹം നടത്തും മുൻപ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കണം. ശേഷം ഒരു നിശ്ചിത സമയം കഴിഞ്ഞു മാത്രമേ വിവാഹം നടത്താൻ സഹിക്കുകയുള്ളൂ.