
വാഷിംഗ്‌ടൺ: വിവിധ കമ്പനികൾ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിൻ ഏറെ ഫലപ്രദമെന്ന് ഇതിനോട് അകം തന്നെ കണ്ടെത്തിയിട്ടുണ്ട്. വെെകാതെ തന്നെ വാക്‌സിന് അനുമതിയും ലഭിച്ചേക്കും എന്നാൽ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ജനങ്ങളിൽ നിലനിൽക്കുകയാണ്. ഇത്തരം ആശങ്കകൾ ദൂരീകരിക്കുന്നതിനായി മുൻ കെെയ്യെടുക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ.
വാക്‌സിൻ പുറത്തിറങ്ങുമ്പോൾ ജനങ്ങളുടെ പേടിമാറ്റാൻ ക്യാമറയ്‌ക്ക് മുന്നിൽ വച്ച് കുത്തിവയ്‌പ്പ് നടത്തുമെന്ന് ബരാക് ഒബാമ പറഞ്ഞു.ഇതിലൂടെ വാക്‌സിൻ സംബന്ധിച്ച് ജനങ്ങൾക്ക് ആത്മവിശ്വസം ലഭിക്കുമെന്നും ഒബാമ പറഞ്ഞു. "ഞാൻ ഇത് എടുക്കും, അത് ടിവിയിൽ പ്രദർശിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യും, ഇതിലൂടെ ഞാൻ ഈ ശാസ്ത്രത്തെ വിശ്വസിക്കുന്നുവെന്ന് ആളുകൾക്ക് മനസിലാകും. കൊവിഡ് ബാധിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു." ഒബാമ പറഞ്ഞു.
അമേരിക്കയിലെ 58 ശതമാനം ആളുകളും വാക്‌സിൻ കുത്തിവയ്‌ക്കാൻ തയ്യാറാണെന്നും എന്നാൽ 42 ശതമാനം ജനത ഇപ്പോഴും ഇതിന് തയ്യാറായിട്ടില്ലെന്ന പോൾ റിസൾട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഒബാമ ഇക്കാര്യം അറിയിച്ചത്.