
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വീണ്ടും സുപ്രിംകോടതിയിൽ ഹർജി നൽകി. കേസിൽ സർക്കാരിനെതിരെ തടസ ഹർജിയുമായാണ് നടൻ കോടതിയിലെത്തിയിരിക്കുന്നത്. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. കേസിൽ വിചാരണകോടതിയിൽ അവിശ്വാസം പ്രകടിപ്പിച്ച് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം തളളിക്കളഞ്ഞു. വിചാരണ കോടതിയുമായി വിയോജിപ്പുണ്ടായിരുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ.സുരേശൻ ഇതിനിടെ സ്ഥാനം രാജിവച്ചു.
സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തളളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇതേ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കുളള തടസ ഹർജിയാണ് ഇന്ന് ദിലീപ് സമർപ്പിച്ചത്. വിചാരണകോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് കാണിച്ചായിരുന്നു ആക്രമണത്തിന് ഇരയായ നടിയും സർക്കാരും മുൻപ് ഹൈക്കോടതിയെ സമർപ്പിച്ചത്. പ്രോസിക്യൂട്ടർക്ക് കോടതിയിൽ വിശ്വാസം നഷ്‌ടമായ സ്ഥിതിക്ക് കോടതി മാറണമെന്ന് ഇരയായ നടി ആവശ്യപ്പെട്ടു. ഇരയുടെ വിസ്‌താരം പൂർത്തിയായ സ്ഥിതിക്ക് പുരുഷ ജഡ്‌ജിയായാലും മതിയെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ ഈ വാദമെല്ലാം ഹൈക്കോടതി തളളി. കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നും പ്രോസിക്യൂഷനും കോടതിയും യോജിച്ചുപോകണമെന്നും ആവശ്യപ്പെട്ടാണ് ഈ ഹർജികൾ ഹൈക്കോടതി തളളിയത്.