jadeja-india-cricket

ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി-20 ഇന്ന്, ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര

പരിക്കേറ്റ രവീന്ദ്ര ജഡേജ കളിക്കില്ല

നഥാൻ ലിയോൺ ഓസീസ് ടീമിൽ,ഫിഞ്ചിന്റെ കാര്യം സംശയത്തിൽ

സിഡ്നി : കൺകഷൻ സബ്റ്റിറ്റ്യൂഷനിലൂടെ ചഹലിനെക്കൊണ്ട് കംഗാരുക്കൾക്ക് ചെക്ക് വച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യ ട്വന്റി-20യിലെ വിജയത്തുടർച്ചയ്ക്കായി ഇന്നിറങ്ങുന്നു. സിഡ്നിയിൽ ഇന്ന് ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 1.40ന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കി ഏകദിനത്തിലെ പരമ്പരത്തോൽവിക്ക് പകരം വീട്ടാം.

ആദ്യ രണ്ട് ഏകദിനങ്ങളിൽ തോറ്റതിന്റെ ക്ഷീണം തീർത്താണ് തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ സിഡ്നിയിലാണ് ഇനിയുള്ള രണ്ട് ട്വന്റി-20കളും. ആദ്യ ട്വന്റി-20യിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാൻ കഴിയില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്നത്. പരമ്പരയിൽ ജഡേജയ്ക്ക് ഇനി കളിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കാൻബെറയിലെ രണ്ട് വിജയങ്ങളിലും ജഡേജയുടെ പങ്ക് നിർണായകമായിരുന്നു.മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 66 റൺസ് നേടുകയും ഒരുവിക്കറ്റ് വീഴ്ത്തുകയും ചെയ്തു.ആദ്യ ട്വന്റി-20യിൽ 23 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം നേടിയത് 44 റൺസാണ്. ജഡേജയുടെ അവസാന സമയത്തെ വെടിക്കെട്ടാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ചത്.ജഡേജയ്ക്ക് പകക്കാരനായി ചഹലിനെത്തന്നെ കളിപ്പിക്കുമോ എന്നതാണ് അറിയേണ്ടത്. പകരക്കാരനായിറങ്ങി മികച്ച ബൗളിംഗാണ് ചഹൽ പുറത്തെടുത്തത്. എന്നാൽ ബാറ്റ്സ്മാനെന്ന നിലയിലെ ജഡേജയുടെ നഷ്ടം പരിഹരിക്കാൻ ഏത് ബൗളറെ മാറ്റും എന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നു. സ്പിന്നറായി ഇറങ്ങിയ വാഷിംഗ്ടൺ സുന്ദർ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും നാലോവറിൽ 16 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.ദീപക് ചഹറും ഷമിയും നടരാജനും പേസർമാരായി ടീമിന് ആവശ്യമുള്ളവരാണ്. ഹാർദിക്ക് പാണ്ഡ്യയെ ബൗളറുടെ റോൾകൂടിയേൽപ്പിച്ചാലേ ഇവരിൽ ഒരാളെ മാറ്റി പുതിയ ബാറ്റ്സ്മാന് ഇടം നൽകാനാവൂ.ബുംറ ഇന്ന് തിരിച്ചെത്തിയേക്കും.

രാഹുൽ ,ധവാൻ ,കൊഹ്‌ലി,സഞ്ജു,മനീഷ് പാണ്ഡെ,ഹാർദിക്ക് പാണ്ഡ്യ എന്നിവരാണ് ജഡേജയെക്കൂടാതെ ബാറ്റ്സ്മാന്മാരായി ഇന്ത്യൻ സംഘത്തിലുള്ളത്. പര്യടനത്തിലെ ആദ്യ അവസരത്തിൽ സഞ്ജു 15 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 23 റൺസടിച്ചിരുന്നു. സഞ്ജുവിന്റെ അന്താരാഷ്ട്ര ട്വന്റി-20 കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്.ഇന്നും സഞ്ജുവിന് അവസരം ലഭിച്ചേക്കും.

തുടർച്ചയായ രണ്ട് പരാജയങ്ങൾ ആസ്ട്രേലിയയെ അലട്ടുന്നുണ്ട്.വാർണറുടെ അഭാവമാണ് പ്രധാന പോരായ്മ. ഡ്ആർസി ഷോർട്ട് ,സീൻ അബ്ബോട്ട് ,സ്വെപ്സൺ എന്നീ യുവതാരങ്ങൾക്കൊപ്പം സ്മിത്ത്,മാക്സ‌്‌വെ‌ൽ,മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പരിചയ സമ്പന്നരും അടങ്ങുന്നതാണ് കംഗാരുപ്പട.സ്പിൻ ബൗളിംഗ് ശക്തികൂട്ടാനായി കാമറൂൺ ഗ്രീനിനെ ഒഴിവാക്കി നഥാൻ ലിയോണിനെ ടീമിലെടുത്തിട്ടുണ്ട്.അതേസമയം നായകൻ ആരോൺ ഫിഞ്ചിന്റെ ഫിറ്റ്നെസിൽ സംശയമുണ്ട്.ആദ്യ ട്വന്റി-20യ്ക്കിടെ ഫിഞ്ചിന് ഇടുപ്പിന് പരിക്കേറ്റിരുന്നു.

ടി.വി ലൈവ് : 1.40pm മുതൽ സോണി ടെൻ ചാനലിൽ