
ഇന്ന് ഡോ.ബാബാസാഹേബ് അംബേദ്‌കറുടെ അറുപത്തിനാലാമത് ചരമദിനം. ഭരണഘടനാ ശില്പി ,ദളിത് വിമോചകൻ എന്നീ നിലകളിൽ മാത്രം അംബേദ്‌കറെ വിശേഷിപ്പിക്കുന്നത് വാസ്തവത്തിൽ അദ്ദേഹത്തെ ചരിത്രത്തിന്റെ ചുരുക്കക്കള്ളികളിൽ ഒതുക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്. അത്തരം കള്ളികൾക്കുമപ്പുറം ഇന്ത്യൻ ജനതയ്ക്ക് ആധുനിക പൗരാവകാശങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും വെളിച്ചം പകർന്ന വ്യക്തിത്വമായി ലോകം അദ്ദേഹത്തെ അംഗീകരിച്ചതിന്റെ തെളിവുകൾ ചരിത്രത്തിലുണ്ട്.
നാലര പതിറ്റാണ്ടു നീണ്ടുനിന്ന അംബേദ്‌കറുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ കാലം മാത്രമാണ് ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വന്നത്.ഏകദേശം മൂന്ന് വർഷത്തെ പ്രവർത്തനങ്ങളിലേക്ക് മാത്രം അദ്ദേഹത്തിന്റെ പ്രവൃത്തികളെ ചുരുക്കുന്നത് ഇന്ത്യൻ ജാതി വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച അദ്ദേഹത്തെ ഇന്ത്യാ ചരിത്രത്തിൽ നിന്നും തമസ്കരിക്കാനുള്ള നീക്കമായി തന്നെ കാണണം .
അംബേദ്‌കറുടെ സംഭാവനകൾ ചരിത്രം, രാഷ്ട്രീയം, സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, ഭരണനൈപുണ്യം, ജനാധിപത്യം എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്ന എല്ലാ മേഖലകളുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതുമായ രണ്ട് വിഷയങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഓരോ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കാഴ്ചയുടെ കരുത്ത് മനസിലാക്കാൻ. പുതിയ തൊഴിൽ കോഡുകളും കാർഷിക നിയമങ്ങളും രാജ്യത്ത് പണിമുടക്കുകൾക്കും പ്രക്ഷോഭങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണല്ലൊ. ഇന്ത്യൻ കർഷകർ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പാതയിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ ഇന്ത്യൻ കാർഷിക
മേഖലയെക്കുറിച്ച് അംബേദ്‌കർ മുന്നോട്ടുവച്ച ആശയങ്ങൾക്ക് ഏറെ പ്രസക്തിയുള്ളതായി കാണാം. 1917 ൽ 'ചെറുകിട കൃഷിയും പരിഹാര'വുമെന്ന തലക്കെട്ടിൽ അദ്ദേഹമെഴുതിയ പ്രബന്ധം കാർഷിക മേഖലയെ സംബന്ധിച്ച് ഇന്നും ബാധകമാണ്. കൃഷിഭൂമിയുടെ കുത്തകാവകാശം ചുരുക്കം ചിലരുടെ കൈകളിൽ
കേന്ദ്രീകരിക്കപ്പെട്ടാൽ ഉത്പാദനം, ഉത്പാദനച്ചെലവ്, കർഷകന്റെ വരുമാനം, വിലസ്ഥിരത എന്നിവയെ സാരമായി ബാധിക്കുമെന്ന അംബേദ്‌കറുടെ നൂറു വർഷത്തിന് മേൽ മുമ്പുള്ള നിരീക്ഷണവും' കൃഷിക്കാവശ്യമായ മൂലധനവും അധ്വാനവും വേണ്ടത്ര
ഗുണത്തിലും അളവിലും ലഭ്യമാകുന്നില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളും ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യമാണ്. ഇന്ത്യൻ രൂപയെക്കുറിച്ച് നടത്തിയ പഠനത്തിന്റെയും ഹിൽട്ടൺ യംഗ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച നിർദ്ദേശങ്ങളുടെയും കൂടി ഫലമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫിനാൻസ് കമ്മീഷന്റെയും രൂപീകരണം. സ്ത്രീകളുടെ സുരക്ഷയുംക്ഷേമവും മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങളും ജലസേചന പദ്ധതികളുടെയും ജലവൈദ്യുത പദ്ധതികളുടെയും ആരംഭവും അംബേദ്‌കറുടെ സംഭാവനകളാണ്.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ശക്തമായ തൊഴിൽ നിയമങ്ങൾ നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഫ്യൂഡൽ സംവിധാനത്തിൻ കീഴിലും ജാതി അടിച്ചമർത്തലുകൾക്കും വിധേയരായി നരകയാതന അനുഭവിക്കേണ്ടി വന്ന തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ ജീവ വായു നൽകിയ തൊഴിൽ നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിർണായക നീക്കങ്ങളാണ് അംബേദ്ക്കർ നടത്തിയത്. പാശ്ചാത്യ വിദ്യാഭ്യാസവും നിയമപഠന പശ്ചാത്തലവുമാണദ്ദേഹത്തിന് ഇക്കാര്യത്തിൽ തുണയായതെന്ന് കാണാം.
ലോക തൊഴിലാളി വർഗ്ഗത്തിന് മാർക്സ് എങ്ങനെയാണോ പ്രിയങ്കരനാകുന്നത് അതുപോലെ ഇന്ത്യയിലെ
അടിച്ചമർത്തപ്പെട്ടിരുന്ന തൊഴിലാളി വർഗ്ഗത്തിന് മറയ്ക്കാൻ കഴിയാത്ത പേരാണ് അംബേദ്‌കറുടേത്. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അടിസ്ഥാനാശയത്തിന് നിയമപരമായ പിൻബലം ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടാക്കുന്നത് അംബേദ്കറുടെ ശ്രമഫലമായിട്ടായിരുന്നു. 1942 മുതൽ 1946 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു അംബേദ്കർ. ഈ കാലയളവിലും പിന്നീട് തൊഴിൽ മന്ത്രിയെന്ന നിലയിലും നിയമമന്ത്രിയെന്ന
നിലയിലുംഅംബേദ്കർ മുൻകൈയെടുത്തു നടപ്പിലാക്കിയ തീരുമാനങ്ങൾ ഇന്ത്യൻ തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായിരുന്നു. ഇന്ത്യയിലെ ജാതി വ്യവസ്ഥയും അതിന്റെ അടിസ്ഥാനത്തിലുള്ള ജാതിവിവേചനവും ഉൽപാദന വ്യവസ്ഥയോട് ബന്ധപ്പെട്ടാണല്ലോ നിലനിൽക്കുന്നത് . ജാതിവിഭജനം തൊഴിൽവിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് ഇന്ത്യൻ സാഹചര്യത്തിൽ ഉള്ള പ്രസക്തി വളരെ വലുതാണ്. ജാതി നിലനിൽക്കുവോളം തൊഴിലാളിവർഗം എന്ന മാർക്സിയൻ കാഴ്ചപ്പാടിലേക്കുള്ള ദൂരം കൂടുതലാണെന്ന് അദ്ദേഹം വിശ്വസിച്ചു.
(ഫോൺ: 9447142134)