china-tibet

വാഷിംഗ്ടൺ: ചൈന ടിബറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെതിരെ യുഎസ് രംഗത്ത്. ഹിമാലയൻ പ്രദേശങ്ങൾ സന്ദർശിക്കാനായി അമേരിക്കൻ നിയമത്തിന്റെ മാതൃകയിൽ സ്വന്തം പതിപ്പുകൾ മറ്റ് രാജ്യങ്ങൾ പാസാക്കണമെന്ന് ഉന്നത അമേരിക്കൻ നയതന്ത്രജ്ഞൻ ആവശ്യപ്പെട്ടു.

ടിബറ്റൻ പ്രശ്‌നങ്ങളുടെ സ്‌പെഷ്യൽ കോർഡിനേറ്ററായ റോബർട്ട് എ ഡിസ്‌ട്രോ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ടിബറ്റൻ പ്രദേശങ്ങളിൽ വിദേശികൾക്കും നയതന്ത്രജ്ഞർക്കും മാദ്ധ്യമപ്രവർത്തകർക്കും ഉൾപ്പടെ യാതൊരു തടസവുമില്ലാതെ പ്രവേശനം നൽകുന്നതിന് അമേരിക്ക ചൈനയോട് ആഹ്വാനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് രാജ്യങ്ങൾ ചൈനീസ് നയതന്ത്രജ്ഞർക്കും, പത്രപ്രവർത്തകർക്കും, പൗരന്മാർക്കും അതത് രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്നു. എന്നാൽ ചൈന എന്താണ് ചെയ്യുന്നത്? ഈ സമീപനം മാറ്റാൻ ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടിബറ്റിലേക്ക് വിദേശികളുടെ പ്രവേശനം നിഷേധിച്ച മുതിർന്ന ചൈനീസുദ്യോഗസ്ഥർക്കുമേൽ യുഎസ് നേരത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. 2018 ഡിസംബറിൽ ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുൾപ്പടെയുള്ളവർക്കെതിരേയായിരുന്നു നടപടി. ഇതുപോലെ മറ്റ് രാജ്യങ്ങളോടും നിയമം ഉണ്ടാക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്.