
ചൈന നാടുകടത്തിയ ശതകോടീശ്വൻമാരിൽ ഒരാളായ വെൻഗോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വിറ്രുപോയത് 734 മില്യൻ ഡോളറിനാണ് അതായത് ഇന്ത്യൻ രൂപയുടെ മൂല്യം കണക്കാക്കിയാൽ 5,400 കോടി രൂപയോളം വരും. ബെയ്ജിംഗിൽ സ്ഥിതി ചെയ്യുന്ന 629 അടി ഉയരമുള്ള 'ഡ്രാഗൺ ഇൻസ്പയേർഡ്" കെട്ടിടമായ പാങ്ങു പ്ലാസയാണ് ഇത്രയും വിലയ്ക്ക് വിറ്റുപോയത്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിനോട് അനുബന്ധിച്ചാണ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. 2016നാണ് ഗു വെൻഗോയിൽ നിന്ന് ഈ കെട്ടിടം ചൈനീസ് അധികൃതർ പിടിച്ചെടുക്കുന്നത്. ഇകോമേഴ്സ് സ്ഥാപനമായ അലിബാബയിലാണ് കെട്ടിടം ലേലത്തിൽ വെച്ചത്. ഈ ലേലം ഓൺലൈനിൽ കാണാനായി മാത്രം 1,50,000 ആളുകൾ രജിസ്റ്റർ ചെയ്തിരുന്നു എന്നാണ് കണക്ക്.
2014 മുതൽ ഗു വെൻഗോയി അമേരിക്കയിലാണ് താമസം. അദ്ദേഹത്തിന്റെ വസ്തുവകകൾ ചൈന പിടിച്ചെടുത്ത് ഫ്രീസ് ചെയ്തിരുന്നു. ബെയ്ജിംഗിലെ തന്നെ ഒരു പ്രമുഖ പ്രോപ്പർട്ടി ഭീമനാണ് കെട്ടിടം ലേലത്തിൽ വാങ്ങിയത്. 1.5 മില്യൻ ചതുരശ്രയടിയുള്ള കെട്ടിടം ഐ.ടി കമ്പനിയായ ഐ.ബി.എമ്മിന്റെ ഹെഡ് ഓഫീസാണ്. ഇത് കൂടാതെ സെവൻ സ്റ്റാർ ഹോട്ടലുകളും ഇതിലുണ്ട്. എന്തായാലും തന്റെ കെട്ടിടം വളരെ നഷ്ടത്തിലാണ് ലേലത്തിൽ പോയത് എന്നാണ് ഉടമയായ ഗു വെൻഗോയി യുട്യൂബ് വീഡിയോയിലൂടെ പ്രതികരിച്ചത്.