
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മടവൂരടക്കം 13 സെക്ഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് തസ്‌തിക അബോളിഷ് ചെയ്‌തെന്ന് കെ എസ് ഇ ബി സ്റ്റാൻഡിംഗ് കൗൺസിൽ എം കെ തങ്കപ്പൻ കോടതിയിൽ. മടവൂർ സെക്ഷൻ സീനിയർ സൂപ്രണ്ട് യു വി സുരേഷിനെ വയനാട്ടിലേക്ക് മാറ്റിയതിനെതിരെയുളള കേസിൽ അദ്ദേഹത്തെ റിലീവ് ചെയ്യുന്നത് ഒക്ടോബർ 1ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്റ്റേ ചെയ്തിരുന്നു. പിന്നീട് പല തവണ കേസ് വന്നെങ്കിലും ഇത്തരത്തിൽ ഒരു വാദം ഉന്നയിക്കാതിരുന്നത് എന്തെന്ന് കോടതി ചോദിച്ചു.
വൈദ്യുതി ഭവനിലെ സെപ്‌തംബർ 30ന് വന്ന റിട്ടയർമെന്റ് ഒഴിവ് പരിഗണിക്കാമോ എന്നു കോടതി ആരാഞ്ഞപ്പോൾ ആ ഒഴിവിന്റെ കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നും കോടതിയെ ബോധിപ്പിച്ചു. ഇതിനായി കേസ് ചൊവാഴ്‌ചത്തേക്ക് മാറ്രി.
നിലവിലുളള ഓഫീസർമാരുടെ പോസ്റ്റുകൾ നിർത്തലാക്കണമെങ്കിൽ ബോർഡ് ഉത്തരവും സർക്കാർ ഉത്തരവും വേണമെന്നിരിക്കെ പതിനാറായിരത്തോളം ഉപഭോക്താക്കളുളള മടവൂരിലെ സീനിയർ സൂപ്രണ്ട് തസ്തിക ചീഫ് എൻജിനീയർ നിർത്തലാക്കി എന്നു പറയുന്നത് നിയമവിരുദ്ധമാണ്. തിരുവനന്തപുരം ജില്ലയിലെ സീനിയർ സൂപ്രണ്ട് തസ്തിക നിർത്തലാക്കിയ മറ്ര് സെക്ഷനുകളുടെ പേര് പറഞ്ഞിട്ടില്ല.
റിട്ടയർമെന്റിന് 18 മാസം തികച്ചില്ലാത്ത കെ എസ് ഇ ബി ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റിനെ വയനാട്ടിലേക്ക് മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പുന:പരിശോധിച്ചില്ലെങ്കിൽ നിയമ നടപടികൾ തുടരുമെന്നും സംസ്ഥാന ജനറൽ സെക്രെട്ടറി പ്രസാദ് പുത്തലത്ത് അറിയിച്ചു.