
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. കൊവിഡ് രോഗം മൂലമുള്ള മരണങ്ങൾ കൂടുന്നതും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മാത്രം 31 പേരാണ് മരിച്ചത്. സമ്പർക്കം വഴിയുള്ള രോഗവ്യാപനം കുറയാതെ നിൽക്കുന്നത് കൂടി കണക്കിലെടുത്താണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിൽ (എസ്.ഒ.പി) മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
എസ്.ഒ.പിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ചർച്ച തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ജനങ്ങൾ കൂടുന്ന മാർക്കറ്റുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമായ പ്രോട്ടോക്കോൾ നിർദ്ദേശിച്ചിട്ടുണ്ട്. മാർക്കറ്റുകളിലും കടകൾക്കുള്ളിലും പുറത്തും എങ്ങനെയൊക്കെ പെരുമാറണമെന്നത് എസ്.ഒ.പിയിൽ നിർദ്ദേശിച്ചിട്ടുമുണ്ട്.
ഓരോ മാർക്കറ്റിലെയും കാര്യങ്ങൾ വിലയിരുത്തുന്നതിന് ഒരു സബ് കമ്മിറ്റിയെ നിയോഗിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തുകയും വേണം. കടകളുടെയും മറ്റും മുന്നിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കുകളിൽ മാസ്ക് ലഭ്യമാകുന്ന മാസ്‌ക് ഡിസ്പെൻസിംഗ് കിയോസ്കുകൾ സ്ഥാപിക്കുകയും വേണം. ഇതൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇതേതുടർന്നാണ് എസ്.ഒ.പിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന വയനാട് ജില്ലയിൽ 24.3 ശതമാനവും ഇടുക്കിയിലേത് 17.8 ശതമാനവും ആണ്. നവംബറിൽ ഈ ജില്ലകളിൽ ഇത് യഥാക്രമം അഞ്ച് ശതമാനവും 11 ശതമാനവും ആയിരുന്നു.വോട്ടെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ രോഗബാധ വർദ്ധിക്കാനുള്ള സാദ്ധ്യതയേറെയാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇക്കാര്യം കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും സമ്പർക്ക രോഗികളുടെ എണ്ണവും ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ്.