
തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് എം എസ് ഗോൾവാൾക്കറിന്റെ പേര് നൽകുന്നതിന് എതിരെ സി പി എം രംഗത്ത്. ഗോൾവാൾക്കറുടെ പേര് നൽകാനുളള കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സി പി എം പോളിറ്ര് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി.
കേരള സമൂഹത്തിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുളള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ്, ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ എസ് എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ എസ് എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ എസ് എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ എസ് എസ് മേധാവിയുടെ കീഴിലായിരുന്നുവെന്നും എം എ ബേബി ആരോപിച്ചു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആർ എസ് എസ് മേധാവി ആയിരുന്ന മാധവ സദാശിവ്...
Posted by M A Baby on Saturday, December 5, 2020
ഗോൾവാൾക്കറുടെ പേര് ക്യാമ്പസിന് നൽകുന്നതിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രസർക്കാർ തീരുമാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനും അപലപിച്ചു. ആർ ജി സി ബി രണ്ടാം ക്യാമ്പസിന് ഡോ പൽപ്പുവിന്റെ പേര് നൽകണമെന്ന് മുൻമന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്നാകരൻ ആവശ്യപ്പെട്ടു.