rajinikanth

ബംഗളൂരു : കഴിഞ്ഞ ദിവസമാണ് സൂപ്പർസ്‌റ്റാർ രജനീകാന്ത് ജനുവരിയിൽ തന്റെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചത്. രജനീകാന്തിന്റെ പാർട്ടി തമിഴ്നാട് രാഷ്‌ട്രീയത്തിൽ ചെലുത്താൻ പോകുന്ന സ്വാധീനത്തെ പറ്റി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

എന്നാൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന തമിഴ്നാട്ടിൽ രജനിയുടെ പാർട്ടിയുടെ സ്വാധീനത്തെ പറ്റി ഒരു വിലയിരുത്തൽ ഇപ്പോൾ സ്വീകരിച്ചാൽ അത് വളരെ നേരത്തെ ആയി പോകുമെന്ന് കോൺഗ്രസ്. രജനിയുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രം, പരിപാടികൾ, തിരഞ്ഞെടുപ്പ് റോഡ് മാപ്പ് എന്നിവയിൽ വ്യക്തത വന്നിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബി ജെ പി പ്രവർത്തകരിൽ പലരും ഇതിനോടകം തന്നെ രജനീകാന്തുമായി ബന്ധപ്പെട്ടിട്ടുള്ളതായി തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ഇൻചാർജ് ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു.

' രജനീകാന്തിന്റെ പാർട്ടി ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നിർദ്ദിഷ്ട സംഘടനയുടെ പ്രത്യയശാസ്ത്രവും പരിപാടിയും എന്തൊക്കെയാണെന്ന് അറിയില്ല. അതുപോലെ തന്നെ അടുത്തവർഷം തമിഴ്നാട്ടിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമോ അതോ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമോ എന്നും വ്യക്തമല്ല. ' ദിനേഷ് പറഞ്ഞു.

' ആ വ്യക്തത വന്നുകഴിഞ്ഞാൽ, ഞങ്ങൾക്ക് രജനിയുടെ പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം എത്രത്തോളമാണെന്ന് വിലയിരുത്താൻ കഴിയും. ഇപ്പോൾ അത് പറയാനുള്ള സമയമായിട്ടില്ല. ഇനിയും സമയമുണ്ട്. ' മുൻ കർണാടക പി സി സി പ്രസിഡന്റ് കൂടിയായിരുന്ന ദിനേഷ് പറയുന്നു.

' എന്താണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ ഘടന, ശരിക്കും എന്താണ് അദ്ദേഹം ചെയ്യാൻ ഉദ്ദേശിക്കുന്നത്, ആർക്കുമറിയില്ല. അദ്ദേഹം ബി ജെ പിയിൽ ചേരാൻ പോവുകയാണോ...എല്ലാം കണ്ടറിയാം. ' കർണാടക മുൻ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവിന്റെ മകൻ കൂടിയായ ദിനേഷ് വ്യക്തമാക്കി.