
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിന് നാടും നഗരവും ഉണർന്നിരിക്കെ അമ്പത്തിയാറ് വർഷം മുമ്പുളള ഒരു തിരഞ്ഞെടുപ്പ് കഥയാണ് ഇവിടെ പറയുന്നത്. കേരളം മുഴുവൻ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കി കണ്ട ഒരു തിരഞ്ഞെടുപ്പ് വിജയം. അതിനു മുമ്പോ ശേഷമോ അങ്ങനെയൊരു വിജയ കഥ കേരളീയർ കേട്ടിട്ടുണ്ടാകാൻ വഴിയില്ല. അതാണ് പത്തനംതിട്ട തുവയൂറുകാരനായ നരേന്ദ്രന്റെ കഥ.
ആകെ പോൾ ചെയ്‌തതിൽ ഒരു വോട്ട് ഒഴിച്ച് ബാക്കിയെല്ലാം സ്വന്തം പെട്ടിയിലാക്കി അപൂർവ്വ നേട്ടം കൈവരിച്ച സ്ഥാനാർത്ഥി ആയിരുന്നു നരേന്ദ്രൻ. നരേന്ദ്രന് ഇന്ന് 94 വയസുണ്ട്. ആ വിജയ കഥ ഓർക്കുമ്പോൾ നരേന്ദ്രന്റെ കണ്ണിൽ ഇന്നും നക്ഷത്ര തിളക്കം. അന്ന് കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാർഡിലായിരുന്നു അത്യപൂർവ്വ സംഭവം അരങ്ങേറിയത്.
കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാർഡ് രണ്ടംഗ മണ്ഡലമാണ്. രണ്ട് പ്രതിനിധികൾ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടണം. എന്നാൽ അന്ന് മത്സരരംഗത്തുണ്ടായിരുന്നത് അഞ്ച് സ്ഥാനാർത്ഥികളായിരുന്നു. വാർഡിൽ ആകെ പോൾ ചെയ്‌തത് 1502 വോട്ട്. വോട്ടെണ്ണിയപ്പോൾ നരേന്ദ്രന് ലഭിച്ചത് 1501 വോട്ട്.

എതിർ സ്ഥാനാർത്ഥികളിൽ ഒരാളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടുകൾ നരേന്ദ്രൻ നേടി. ജനങ്ങൾ അർപ്പിച്ച വിശ്വാസം അതേ പോലെ കാത്തുസൂക്ഷിച്ച് 32 വർഷം കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ അംഗവും പ്രസിഡന്റും വൈസ് പ്രസിഡന്റുമൊക്കെയായിരുന്നു നരേന്ദ്രൻ. 1995 വരെയാണ് ഇദ്ദേഹം ജനപ്രതിനിധിയായി തുടർന്നത്.
സിനിമാ നടനും സംവിധായകനുമായിരുന്ന വേണു നാഗവളളിയുടെ അമ്മാവനാണ് ഇദ്ദേഹം. കോൺഗ്രസുകാരനായിട്ടും പാർട്ടി ചിഹ്നത്തിൽ ഒരു തവണ മാത്രമാണ് നരേന്ദ്രൻ മത്സരിച്ചത്. ബാക്കി തവണയെല്ലാം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ച് വിജയിച്ചത്. മാറിയ കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ നോക്കി വിലയിരുത്തുകയും പഴയ ഓർമ്മകൾ അയവറക്കുകയുമാണ് നരേന്ദ്രൻ.