
മോസ്കോ: കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ വിതരണം റഷ്യ ആരംഭിച്ചു. ബ്രിട്ടനിൽ ഫൈസർ വാക്സിന്റെ വിതരണം ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് റഷ്യയിൽ നിന്ന് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. മോസ്കോയിലെ ക്ലിനിക്കുകളിൽ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർക്കാണ് കുത്തിവയ്പ് നൽകിയത്. സ്കൂളുകളിലും ആരോഗ്യമേഖലയിലും ജോലിചെയ്യുന്നവർ, സാമൂഹിക പ്രവർത്തകർ തുടങ്ങി നഗരത്തിലെ 13 ദശലക്ഷം പേർക്കായിരിക്കും വാക്സിൻ വിതരണം ചെയ്യുകയെന്ന് വിതരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയ മോസ്കോ മേയർ സെർജെയ് സോബ്യാനിൻ അറിയിച്ചിരുന്നു. കൂടുതൽ വാക്സിൻ ലഭ്യത അനുസരിച്ച് പട്ടിക വലുതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ വാക്സിൻ നൽകൂ.
വിട്ടുമാറാത്ത അസുഖങ്ങളുളളവർ, ഗർഭിണികൾ, മുപ്പതുദിവസം മുമ്പ് കുത്തിവെയ്പ്പ് എടുത്തവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വന്നവർ തുടങ്ങിയവർക്ക് വാക്സിൻ ലഭ്യമാകില്ല.
കഴിഞ്ഞ ആഗസ്റ്റിലാണ് റഷ്യ സ്പുട്നിക്കിന്റെ രജിസ്ട്രേഷൻ നടത്തിയത്. വാക്സിൻ കൊവിഡിനെതിരെ 95 ശതമാനം ഫലപ്രദമാണ് റഷ്യയുടെ അവകാശവാദം. വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്നും റഷ്യ വിശദീകരിച്ചിരുന്നു. എന്നാൽ വാക്സിൻ ഇപ്പോഴും വലിയ വിഭാഗം ആളുകൾക്കിടയിൽ പരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് റഷ്യ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.