
ഗുവാഹത്തി: ഡിസംബർ മാസമായി;ലോകമാകെ ക്രിസ്‌തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന സമയം. എന്നാൽ അസമിൽ ഹിന്ദുക്കൾ ഇത്തരം ആഘോഷമൊന്നും നടത്തേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബജ്‌രംഗ് ദൾ. അസമിലെ സിൽഛറിൽ നടന്ന ഒരു സമ്മേളനത്തിൽ ബജ്‌രംഗ് ദളിന്റെ പിതൃസംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ല ജനറൽ സെക്രട്ടറി മിഥു നാഥ് ആണ് ഇത്തരത്തിൽ പരസ്യമായി ഭീഷണി പ്രസംഗം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നത്.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ ക്രിസ്‌ത്യൻ ഭൂരിപക്ഷ മേഖലയിൽ ശ്രീരാമകൃഷ്‌ണ മിഷന്റെ ഭാഗമായ വിവേകാനന്ദ സെന്റർ അടച്ചുപൂട്ടിയതിനെ കുറിച്ച് പ്രസംഗിക്കവെയായിരുന്നു മിഥു നാഥിന്റെ ഭീഷണി. ക്രിസ്‌ത്യൻ പരിപാടികളിലും ക്രിസ്‌തുമസ് ആഘോഷങ്ങളിലും ഹിന്ദുക്കളെ പങ്കെടുക്കാൻ അനുവദിച്ചുകൂടെന്നും 'നമ്മുടെ ആരാധനാലയം അടച്ചുപൂട്ടിച്ച ക്രിസ്‌ത്യൻ വിഭാഗത്തിന്റെ ആരാധനാലയത്തിൽ ക്രിസ്‌തുമസ് ആഘോഷിക്കാൻ ഒരു ഹിന്ദുവും പോകില്ലെന്ന് ഞങ്ങൾ ഉറപ്പു വരുത്തും. പോയാൽ ചുട്ടയടി ലഭിക്കും.' മിഥു നാഥ് പ്രസംഗത്തിൽ പറഞ്ഞു.
ഷില്ലോംഗിൽ തൽപരകക്ഷികൾ സംഘടനയുടെ പേര് മാറ്റിയെന്നും ഹിന്ദു ആരാധനാലയം അടച്ചുപൂട്ടിയെന്നും നാഥ് പ്രസംഗത്തിൽ പറഞ്ഞു.
സിൽഛറിൽ ക്രിസ്‌ത്യൻ വിശ്വാസികൾ കുറവാണെങ്കിലും എല്ലാവർഷവും ക്രിസതുമസിന് വിവിധ മതവിഭാഗത്തിലെ ജനങ്ങൾ ഇവിടെ ക്രിസ്‌തുമസ് ആഘോഷിക്കാറുണ്ട്. ലൗജിഹാദിനെ കുറിച്ചും മിഥു നാഥ് രൂക്ഷമായ പ്രതികരണം തന്നെ നടത്തി.