moon-mission

ബീജിംഗ്: ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന. ചൈനയുടെ ചാങ് ഇ-5 ബഹികാരാശ പേടകമാണ്​ ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ദേശീയ പതാക നാട്ടിയത്​. അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന രണ്ടാമത്തെ രാജ്യമാണ് ചൈന.

കൊടി നാട്ടിയതിന് പിന്നാലെ ചന്ദ്രനിൽ നിന്നുള്ള പാറയും മണ്ണും ശേഖരിച്ച് പേടകം വ്യാഴാഴ്ച ഭൂമിയിലേക്ക് തിരിച്ചതായി ചൈന നാഷണൽ സ്​പേസ്​ അഡ്​മിനിസ്​ട്രേഷൻ (സി.എസ്​.എൻ.എ) അറിയിച്ചു. ചന്ദ്രോപരിതലത്തിൽ ചൈനീസ്​ പതാക സ്ഥാപിച്ച ചിത്രവും സി.എസ്​.എൻ.എയാണ്​ പുറത്തുവിട്ടത്​.

ഏകദേശം രണ്ട്​ കിലോ (4.4 പൗണ്ട്​) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈനയുടെ പദ്ധതി. ദൗത്യം വിജയകരമായാൽ കഴിഞ്ഞ 40 വർഷത്തിനിടെ ചന്ദ്രോപരിതലത്തിലെ സാമ്പിളുകൾ ശേഖരിച്ച് തിരിച്ചെത്തുന്ന ആദ്യ രാജ്യമാകും ചൈന. ചന്ദ്രന്റെ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനം ലക്ഷ്യമിട്ടുള്ള ചൈനീസ് ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ ചാങ്ഇ-5 ബഹിരാകാശ പേടകം ചൊവ്വാഴ്​ചയാണ്​ വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത്.

1960കൾക്കൊടുവിൽ അമേരിക്കയും അന്നത്തെ സോവിയറ്റ് യൂണിയനും ഈ ദൗത്യം പൂർത്തിയാക്കിയിരുന്നു.

1969ൽ അപ്പോളോ ദൗത്യത്തിലാണ്​ അമേരിക്ക ചന്ദ്രോപരിതലത്തിൽ പതാക നാട്ടി റെക്കോഡ് സൃഷ്ടിച്ചത്.