
ജനീവ : കുതിച്ചുയരുന്ന കൊവിഡ് കേസുകളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്സിൻ പുറത്തിറക്കാൻ മത്സരിക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാൻ ശേഷിയുള്ള ' മാജിക് ബുള്ളറ്റ് ' അല്ല വാക്സിനെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അമേരിക്കയിലുൾപ്പെടെ കൊവിഡ് വീണ്ടും കുത്തനെ കൂടുകയാണ്. ' വാക്സിൻ വരുന്നതോടെ കൊവിഡ് ഇല്ലാതാകില്ല. അടുത്ത വർഷം ആദ്യത്തോടെ എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ കഴിയില്ല ' ഡബ്ല്യൂ എച്ച് ഒ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.
' കൊവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ പക്കലുള്ള ടൂൾ കിറ്റിലെ ശക്തമായ ആയുധമാകും വാക്സിനേഷൻ. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ല. ' റയാൻ കൂട്ടിച്ചേർത്തു. വാക്സിൻ പുരോഗതിയെ ' തുരങ്കത്തിന്റെ അറ്റത്തുക്കാണുന്ന പ്രകാശം ' എന്നാണ് ഡബ്ല്യൂ എച്ച് ഒ തലവൻ ടെഡ്രോസ് അഡനോം വിശേഷിപ്പിച്ചത്. മഹാമാരി അവസാനിച്ചെന്ന ധാരണക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
51 വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിച്ചതായും ഇതിൽ 13 എണ്ണം മനുഷ്യരിലെ വ്യാപക പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി. ഫൈസർ വാക്സിൻ പൊതുജനങ്ങളിൽ കുത്തിവയ്ക്കാൻ അനുമതി നൽകിയതോടെ പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിനേഷന് അനുമതി നൽകുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടൺ. യു.എസിൽ ഈ മാസം അവസാനത്തോടെ വാക്സിനെത്തുമെന്നാണ് പ്രതീക്ഷ. ബെൽജിയം, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ വാക്സിന്റെ അടിയന്തിര ഉപയോഗം അടുത്തമാസം ആരംഭിക്കാനാണ് പദ്ധതി.