
ഒട്ടാവ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് തുടർച്ചയായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിന് പിന്നാലെ കാനഡ വിദേശകാര്യ മന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
മറ്റ് ചില തിരക്കുകൾ ഉള്ളതിനാൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഏഴിന് കനേഡിയൻ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ
വിർച്വൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലായം കാനഡയെ അറിയിച്ചു. എസ്. ജയശങ്കറും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
നവംബറിൽ കനേഡിയൻ വിദേശകാര്യ മന്ത്രാലയം വിളിച്ച് ചേർത്തിരുന്ന 11-മത് മിനിസ്റ്റീരിയൽ കോ - ഓർഡിനേഷൻ യോഗത്തിൽ ജയശങ്കർ പങ്കെടുത്തിരുന്നു. യു.കെ, ബ്രസീൽ, ഫ്രാൻസ്,ജർമ്മനി, ഇറ്റലി, സിംഗപ്പൂർ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ.
കർഷകസമരം സംബന്ധിച്ച വിഷയത്തിൽ കനേഡിയൻ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും നടത്തിയ പരാമർശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്നാണ് വെള്ളിയാഴ്ച കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് ശേഷവും ട്രൂഡോ വീണ്ടും കർഷകസമരത്തെ പിന്തുണച്ചിരുന്നു. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നായിരുന്നു കഴിഞ്ഞദിവസം ട്രൂഡോ ആവർത്തിച്ചത്. കർഷകസമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു