
ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യര്‍ത്ഥന. എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിയമത്തില്‍ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. ഭേദഗതി കൊണ്ട് തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടില്ല. ഇങ്ങനെ ചര്‍ച്ച തുടരാനാണെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ കാര്‍ഷിക സംഘടനകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെടുന്നു. ഡല്‍ഹിയിലേയ്ക്കുള്ള വഴികള്‍ ഉപരോധിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയാണ്. അത് കൊണ്ടുതന്നെ എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയാണ് കര്‍ഷകര്‍.
സമരം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍
വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കർഷക സമരത്തിന് പ്രതിപക്ഷ പിന്തുണയുണ്ട്. സമരം കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയമായ തിരിച്ചടിയാണ്. അധികം വിട്ടുവീഴ്ചകള്‍ ചെയ്യാതെ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. അതേസമയം രാജ്യതലസ്ഥാനത്തേയ്ക്കുള്ള റോഡുകള്‍ അടച്ചിട്ടുള്ള സമരം ഉടന്‍ തന്നെ സര്‍ക്കാരിന് അവസാനിപ്പിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുകയും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉടനടി വിഷയത്തില്‍ പരിഹാരം കാണാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ
ഇതിനിടയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭാ വക്താവ് തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ ബി ജെ പി സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെട്ടു. കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് യു എന്‍ വക്താവ് സെറ്റാഫാന്‍ ഡുജാറിക് വ്യക്തമാക്കി. കര്‍ഷകസമരത്തെപ്പറ്റി വിദേശനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ മറുപടിയ്ക്ക് പിന്നാലെയായിരുന്നു യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗൂട്ടെറസിന്റെ വക്താവിന്റെ പ്രതികരണം. ഇന്ത്യയിലെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ആളുകള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടന്നും സര്‍ക്കാരുകള്‍ അത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്.
പിന്തുണച്ച് വിദേശനേതാക്കള്‍
കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി ഇതിനിടയില്‍ കൂടുതല്‍ വിദേശനേതാക്കള്‍ രംഗത്തെത്തി. സമരത്തെ അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യ രംഗത്തെത്തി. യു കെയിലെ 36 പാര്‍ലമെന്റ് അംഗങ്ങളും വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും ഇന്ത്യയുമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ബി ജെ പി ഒറ്റപ്പെടുന്നു
സമരത്തിന്റെ ആദ്യദിവസങ്ങളില്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വലിയ വിമര്‍ശനമേറ്റിരുന്നു. ഇതിനു പിന്നാലെ കേന്ദ്രം മൃദുസമീപനം സ്വീകരിച്ചു. ഹരിയാനയില്‍ ബി ജെ പിയ്‌ക്കൊപ്പം ഭരണകക്ഷിയായ ജെ ജെ പിയുടെ നിലപാടും കേന്ദ്രസര്‍ക്കാരിനെതിരാണ്. കര്‍ഷക സമരത്തില്‍ ഹരിയാന സര്‍ക്കാരിന്റെ ഭാവിയും തുലാസിലാണ്.