organic-bps
പ്രമുഖ ബ്രാൻഡിംഗ് ഏജൻസിയായ ഓർഗാനിക് ബി.പി.എസിന്റെ സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസ് സംഘടിപ്പിച്ച ആദ്യ പർപ്പസ് റൗണ്ട് ടേബിളിൽ സംബന്ധിച്ച പ്രമുഖർ.

കൊച്ചി: നന്മ ചെയ്യുന്നതാണ് ഉത്തമമായ ബിസിനസ് മാതൃകയെന്നും സമൂഹതാത്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് നിലനിൽപ്പുണ്ടാവുകയെന്നും ബ്രാൻഡിംഗ് ഏജൻസിയായ ഓർഗാനിക് ബി.പി.എസ് സംഘടിപ്പിച്ച ആദ്യ പർപ്പസ് റൗണ്ട് ടേബിൾ അഭിപ്രായപ്പെട്ടു.

ലാഭം ബിസിനസിന്റെ ഉപോത്പന്നം മാത്രമാണെന്ന് റൗണ്ട് ടേബിളിൽ സംബന്ധിച്ച ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സമുദായ സേവനത്തെ സ്‌പോൺസർഷിപ്പായി മാത്രം കാണരുതെന്ന് ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഗ്യാസ്‌ട്രോണമി, കൾച്ചർ, ആർട്ട്‌സ് ആൻഡ് ടൂറിസം (ഐ.ജി.സി.എ.ടി) പ്രസിഡന്റും ഗ്യാസ്‌ട്രോണമി അവാർഡ്സ് സഹസ്ഥാപകയുമായ ഡോ. ഡയാൻ ഡോഡ് പറഞ്ഞു.

ഇക്യൂബ് ഇൻവെസ്‌റ്റ്‌മെന്റ്‌സ് അഡ്വൈസർ ഡോ. മുകുന്ദ് രാജൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ബോർഡംഗവും എച്ച്.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് പ്രസിഡന്റുമായ റുസ്ബ ഇറാനി തുടങ്ങിയവർ സംബന്ധിച്ചു. വി.കെ. മാധവ് മോഹനായിരുന്നു മോഡറേറ്റർ.

ഓർഗാനിക് ബി.പി.എസിന്റെ 21-ാം വാർഷികത്തോട് അനുബന്ധിച്ച് തുടക്കമിട്ട സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസിന്റെ ലക്ഷ്യങ്ങൾ ഓർഗാനിക് ബി.പി.എസ് സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ വിശദീകരിച്ചു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്‌ടർമാരായ ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് എന്നിവർ ചേർന്നാണ് സെന്റർ ഫോർ ഹയർ പർപ്പസ് ഇൻ ബിസിനസ് ഉദ്ഘാടനം ചെയ്‌തത്.