
ലോസ്ആഞ്ചലസ് : നമ്മുടെ ഭൂമിയും സൂര്യനും ചന്ദ്രനുമൊക്കെ അടങ്ങിയ സൗരയൂഥം ( Solar System ) ഉൾപ്പെടുന്ന ഗ്യാലക്സിയായ ക്ഷീരപഥത്തിന്റെ ( Milky Way ) ഏറ്റവും കൃത്യമായ 3D മാപ്പ് ആണിത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയാ ബഹിരാകാശ വാഹനത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജ്യോതി ശാസ്ത്രജ്ഞർ ഈ മാപ്പ് തയാറാക്കിയിരിക്കുന്നത്. 2013 മുതൽ ബഹിരാകാശത്തെ നക്ഷത്രങ്ങളെ ഹയാ നിരീക്ഷിച്ച് വരികയാണ്.
ഭൂമി ഉൾപ്പെടുന്ന ഗ്യാലക്സിയായ ക്ഷീരപഥത്തെ പറ്റിയുള്ള നിർണായക പഠനങ്ങൾക്ക് ഈ മാപ്പ് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. സമയത്തിനൊപ്പം പ്രപഞ്ചം എത്രമാത്രം വികസിച്ചുവെന്ന് കണ്ടെത്താനും വസ്തുക്കളുടെ ത്വരണം അളക്കാനും ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കും. 1.8 ബില്യൺ നക്ഷത്രങ്ങളാണ് ഈ 3D മാപ്പിലുള്ളത്.
മാപ്പ് അവതരിപ്പിച്ചതിനോടൊപ്പം തന്നെ ക്ഷീരപഥത്തിലൂടെ നക്ഷത്രങ്ങൾ നീങ്ങുന്നതിന്റെ അതിമനോഹരമായ ഒരു വീഡിയോയും യൂറോപ്യൻ സ്പേസ് ഏജൻസി പുറത്തുവിട്ടിരുന്നു. ഒരോ നക്ഷത്രങ്ങൾ ജനിക്കുമ്പോഴും ക്ഷീരപഥത്തിന്റെ ഡിസ്ക് വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പ്യൂട്ടർ മോഡലുകളിൽ നിന്നും വ്യക്തമാകുന്നതായി ഗവേഷകർ പറയുന്നു.

3D മോഡലിൽ നിന്നും മറ്റൊരു കാര്യം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ക്ഷീരപഥത്തിന് മദ്ധ്യത്തുള്ള തമോഗർത്തത്തിന് അടുത്തേക്ക് ഭൂമി മുമ്പ് കരുതിയതിൽ നിന്നും കൂടുതൽ അടുത്താണെന്നാണ് ഗവേഷകർ പറയുന്നത്. തമോഗർത്തത്തിന് ഉള്ളിലേക്ക് അകപ്പെടുന്ന പ്രകാശത്തിന് പോലും പുറത്തുകടക്കാനാകില്ലെന്ന് നമുക്ക് അറിയാം. നമ്മുടെ ക്ഷീരപഥത്തിന് മദ്ധ്യത്തിലുള്ള ഭീമൻ തമോഗർത്തം ( Black Hole ) ആണ് സാജിറ്റേറിയസ് എ* ( Sagittarius A* - ' സാജിറ്റേറിയസ് എ - സ്റ്റാർ ).
ജപ്പാനിലെ നാഷണൽ ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ ഗവേഷകർ കഴിഞ്ഞ 15 വർഷമായി തങ്ങൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷീരപഥത്തിന്റെ മറ്റൊരു മാപ്പ് തയാറാക്കുകയും ചെയ്തു. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള തമോഗർത്തത്തിൽ നിന്നും ഭൂമിയുടെ സ്ഥാനം ഇവർ കണക്കാക്കുകയും ചെയ്തു. 1985ലെ കണക്കുപ്രകാരം സാജിറ്റേറിയസ് എ - സ്റ്റാറിൽ നിന്നും ഏകദേശം 27,700 പ്രകാശവർഷം അകലെയാണ് ഭൂമി എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
എന്നാൽ, പുതിയ മാപ്പിന്റെ അടിസ്ഥാനത്തിൽ ഭൂമിയും സാജിറ്റേറിയസ് എ - സ്റ്റാറും തമ്മിലുള്ള ദൂരം 25,800 പ്രകാശവർഷം ആണെന്നാണ് ഗവേഷകർ പറയുന്നത്. തമോഗർത്തത്തിനുള്ളിലേക്ക് ഒരു പക്ഷേ, ഭൂമിയെ വലിച്ചെടുത്തേക്കാമെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ട ഒരാവശ്യവുമില്ലതാനും. കാരണം 25,800 പ്രകാശവർഷം എന്നത് ചെറിയ ദൂരമല്ല. ഒരു പ്രകാശവർഷം എന്നത് തന്നെ ഏകദേശം ആറ് ട്രില്ല്യൺ മൈലുകളാണ്.!