
അപകടങ്ങളിൽപ്പെടുന്നതോ ഉപേക്ഷിക്കപ്പെടുന്നതോ ആയ കുട്ടിയാനകൾ ഉൾപ്പെടെയുള്ള കാട്ടാനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ ജീവിക്കാൻ വിടുന്നതിന് ഒരു പുനരധിവാസ കേന്ദ്രം സ്ഥാപിക്കുക എന്നത് വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സഹായകരമാണെന്ന്കണ്ടാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിനടുത്ത് കാപ്പുകാട് ഉൾപ്പെടുന്ന വിശാലമായ വനപ്രദേശത്ത് എല്ലാ മികച്ച സൗകര്യങ്ങളും ഒത്തു ചേർന്ന ഒരു ആനപുനരധിവാസ കേന്ദ്രംസ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്.
സംസ്ഥാനത്ത് കാപ്പുകാടിന് പുറമെ മുത്തങ്ങ, കോന്നി, കാപ്രിക്കാട് എന്നീ ആനപരിശീലന/പുനരധിവാസ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിച്ചു വരുന്നു. ഇവിടങ്ങളിലൊക്കെ ചങ്ങലയിൽ ബന്ധിച്ചാണ് ആനകളെ പാർപ്പിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ കൈവശമുള്ളതും പുതുതായി ലഭിക്കുന്നതുമായ ആനകളെ സ്വാഭാവിക രീതിയിൽ ചങ്ങലയിൽ നിന്ന് മുക്തമായി, എന്നാൽ നിശ്ചിത പരിധിക്കുളളിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയും ഒപ്പം തന്നെ ജനങ്ങൾക്ക് ആനകളുടെ ജീവിത രീതികളും പരിചരണവും നേരിൽ കാണുന്നതിന് അവസരമൊരുക്കുന്ന രീതിയിലാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം സജ്ജമായിക്കൊണ്ടിരിക്കുന്നത്. അത് കൂടാതെ നാട്ടാന പരിപാലന ചട്ടത്തിന് വിരുദ്ധമായി പീഡിപ്പിക്കപ്പെടുന്നവയോ പ്രായാധിക്യം കാരണം ഉടമ വനം വകുപ്പിന് നൽകുന്നവയോ തുടങ്ങിയ നാട്ടാനകളെയും ആന പുനരധിവാസ കേന്ദ്രത്തിൽ കൊണ്ടു വന്ന് പരിചരണം നൽകുന്നതിനുള്ള സംവിധാനം ഇവിടെ ഒരുക്കുന്നുണ്ട്.
നിലവിൽ കാപ്പുകാട് 16 ആനകളും കാപ്രിക്കാട് 8 ആനകളും കോന്നിയിൽ 6 ആനകളും മുത്തങ്ങയിൽ ഏഴ് ആനകളുമാണ് ഉള്ളത്. ഇവയിൽ ചിലതിനെ കുങ്കിയാന പരിശീലനത്തിന് വയനാട്ടിലേക്ക് അയച്ചിരിക്കുകയാണ്.
കോട്ടൂർ കാപ്പുകാട് സജ്ജമാകുന്ന ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തേതും രാജ്യത്തിനാകെ മാതൃകയായി മാറുന്നതുമാണ്. 105 കോടി രൂപ ചെലവിലാണ് ഈ കേന്ദ്രം നിർമ്മിക്കുന്നത്. 72 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇതിന്റെ ആദ്യഘട്ടം 2021 ജനുവരിയോടെ പണി പൂർത്തിയാകുന്നതും ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തി നാടിന് സമർപ്പിക്കുകയും ചെയ്യും. വനമേഖലയിൽ 176 ഹെക്ടർ ഭൂമി ഇതിനായി നീക്കിവച്ചിട്ടുണ്ട്. 50 ആനകളെ ഇവിടെ അവയുടെ സ്വാഭാവിക ജീവിത രീതിയിൽ പാർപ്പിക്കാൻ കഴിയും. മദപ്പാടുള്ള ആനകളെ പ്രത്യേകം പാർപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും കൂടാതെ ആന മ്യൂസിയം, പാപ്പാന്മാർക്കും, മൃഗവൈദ്യന്മാർക്കും വനപാലകർക്കും പരിശീലനം നൽകുന്നതിനും ആന പ്രേമികൾക്ക് ആനകളെക്കുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ, മൃഗാശുപത്രി, അടുക്കളയും ഭക്ഷണമെത്തിക്കുന്നതിനുള്ള ആധുനിക സമുച്ചയവും മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങളും ആനകളുടെ ശവദാഹത്തിന് ആധുനിക സൗകര്യങ്ങളും ഉൾപ്പെടെ വിവിധങ്ങളായ സൗകര്യങ്ങളാണ് കേന്ദ്രത്തിൽ സജ്ജമാക്കുന്നത്. ഈ കേന്ദ്രത്തിന് വേനൽക്കാലത്തും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി നെയ്യാർ ജല സംഭരണിയുടെ കോടനാട് ഭാഗത്ത് പ്രത്യേകം തടയണയും നിർമ്മിക്കുന്നുണ്ട്.
16000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ആന മ്യൂസിയത്തിൽ വലിയ ഒരു ഗോളാകൃതിയിലുള്ള ഹാൾ, നാല് പ്രദർശനങ്ങൾ, വെർച്ച്വൽ ഇന്ററാക്ടീവ് സംവിധാനം, ദൃശ്യ-ശ്രവ്യ സംവിധാനങ്ങൾ, വിശാലമായ ശില്പ പ്രദർശന അങ്കണം ഇങ്ങനെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 76 പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ഭക്ഷണശാല മനോഹരമായ പൂന്തോട്ടം ഉൾപ്പെടെയാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്രവേശന മന്ദിരം സജ്ജീകരിച്ചിരിക്കുന്നത്. സന്ദർശകർക്കായി 20 കോട്ടേജുകളും 40 കിടക്കകൾ ഉള്ള ഹോസ്റ്റലും രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്നുണ്ട്. 100 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഒരു പൂരം ഏരിയ സജ്ജീകരിച്ച് പ്രത്യേക ദിവസങ്ങളിൽ മിനി പൂരം സംഘടിക്കുവാൻ പദ്ധതിയുണ്ട്. കൂടാതെ ആനയൂട്ട് കാണുന്നതിന് 50 പേരെ ഒരേ സമയം ഉൾക്കൊള്ളിക്കാവുന്ന സംവിധാനവും നടപ്പിലാക്കുന്നു. 40 കാറുകൾ, അഞ്ച് ബസുകൾ, 40 ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കുള്ള പാർക്കിംഗ് സൗകര്യവും ഒരുക്കി ഒരേ സമയം 500 പേർക്ക് ഈ കേന്ദ്രം സന്ദർശിക്കാവുന്ന സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്.
ഈ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ ടൂറിസം കേന്ദ്രമായി കോട്ടൂർ മാറും. കാടും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് ട്രക്കിംഗിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
(സംസ്ഥാന വനം,മൃഗസംരക്ഷണ,ക്ഷീരവികസന, മൃഗശാല
വകുപ്പുമന്ത്രിയാണ് ലേഖകൻ )