gst

 എതിർത്തുനിന്ന ജാർഖണ്ഡും ഒടുവിൽ സമ്മതം മൂളി

ന്യൂഡൽഹി: ജി.എസ്.ടി നഷ്‌ടപരിഹാരം നൽകാനായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഓപ്ഷൻ ജി.എസ്.ടി കൗൺസിലിലെ എല്ലാ അംഗങ്ങളും അംഗീകരിച്ചു. 28 സംസ്ഥാനങ്ങളും നിയമസഭയുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് കൗൺസിലിലുള്ളത്. ഇവയിൽ കേന്ദ്രനിർദേശം അംഗീകരിക്കാതെ മാറിനിന്ന ജാർഖണ്ഡും ഒടുവിൽ വഴങ്ങുകയായിരുന്നു.

കൊവിഡ് കാലത്ത് ജി.എസ്.ടി സമാഹരണം കുത്തനെ ഇടിഞ്ഞതോടെ, സംസ്ഥാനങ്ങൾ നേരിട്ട വരുമാന നഷ്‌ടം നികത്താനായി രണ്ടു നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ജി.എസ്.ടിയിൽ കുറവുവന്ന തുക കേന്ദ്രം വായ്‌പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകുന്നതാണ് ഒന്നാം ഓപ്‌ഷൻ. റിസർവ് ബാങ്കിന്റെ സ്‌പെഷ്യൽ വിൻഡോ വഴിയാണ് കടമെടുപ്പ്. പലിശയും മുതലും പിന്നീട് സെസിൽ നിന്ന് വീട്ടും.

കേന്ദ്ര നികുതിവരുമാനത്തിലെ മൊത്തം കുറവും സംസ്ഥാനങ്ങൾ കടമെടുക്കുന്നതാണ് രണ്ടാം ഓപ്‌ഷൻ. ആദ്യ ഓപ്‌ഷനാണ് എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചത്. കേരളം രണ്ട് ഓപ്‌ഷനുകളോടും എതിർപ്പറിയിച്ചിരുന്നെങ്കിലും പിന്നീട് ഒന്നാം ഓപ്‌ഷന് സമ്മതമറിയിച്ചു.

ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) രണ്ടു ശതമാനം പൊതു വിപണിയിൽ നിന്ന് അധികകടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിന്റെ അവസാന ഗഡുവായ 0.50 ശതമാനം ഉപാധികളില്ലാതെ കടമെടുക്കാനുള്ള അനുവാദവും സംസ്ഥാനങ്ങൾക്ക് ഓപ്‌‌ഷൻ-1 പ്രകാരം ലഭിക്കും. സ്‌പെഷ്യൽ വിൻഡോയിലൂടെ 1.1 ലക്ഷം കോടി രൂപ നൽകുന്നതിന് പുറമേയാണിത്.

സംസ്ഥാനങ്ങൾക്ക്

സമ്മതം ഓപ്‌ഷൻ - 1

ജി.എസ്.ടി നഷ്ടപരിഹാരം നികത്താനുള്ള ഓപ‌്‌ഷൻ - 1 ആണ് എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചത്. ഇതുപ്രകാരം ആദ്യഘട്ടത്തിൽ കേന്ദ്രം 30,000 കോടി രൂപ അഞ്ചു ഗഡുക്കളായി കടമെടുത്ത് സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകി. നാളെ നടക്കുന്ന രണ്ടാംഘട്ടത്തിൽ 6,000 കോടി രൂപ കേന്ദ്രം കടമെടുക്കും. ഇതിന്റെ വിഹിതം ജാർഖണ്ഡിനും ലഭിക്കും.

ജാർഖണ്ഡിന്റെ നേട്ടം

ഓപ്‌ഷൻ-1 അംഗീകരിച്ച ജാർഖണ്ഡിന് സ്‌പെഷ്യൽ വിൻഡോ പ്രകാരം 1,689 കോടി രൂപ കടമെടുക്കാം. പുറമേ, ജി.എസ്.ഡി.പിയുടെ 0.50 ശതമാനം വരുന്ന 1,765 കോടി രൂപ കൂടി കടമെടുക്കാനുള്ള പ്രത്യേക അനുമതിയും കേന്ദ്രം നൽകി.