
പൂനെ: കൊവിഡ് വെെറസിന്റെ സ്വഭാവവും പ്രകൃതവും മാറുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞർ.വിവിധ
സംസ്ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20 ബി വെെറസ് ഘടനയും തമ്മിൽ ഏറെ വ്യത്യാസമുണ്ട്.നാഷണൽ സെന്റർ ഫോർ സെൽ സയൻസിലെ (എൻ.സി.സി.എസ്) മുതിർന്ന ശാസ്‌ത്രജ്ഞൻ ഡോ. യോഗേഷ് ഷൗച്ചെ നടത്തിയ പഠനത്തിലാണ് ഈക്കാര്യം കണ്ടെത്തിയത്.
"ഞങ്ങൾ നടത്തിയ പഠന പ്രകാരം ജൂൺ, ജൂലായ് മാസങ്ങളിൽ നാസിക്, പൂനെ, സതാര ജില്ലകളിൽ നാല് വ്യത്യസ്ത തരം വെെറസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 20ബി മാത്രമെ കാണാൻ സാധിക്കുന്നുള്ളു." എൻ.സി.സി.എസ് സംഘടിപ്പിച്ച ഇന്ത്യാ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിനായുള്ള കർട്ടൻ റെയ്‌സർ പരിപാടിയിൽ പങ്കെടുത്ത് യോഗേഷ് പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗം വിവിധ രാജ്യങ്ങളിൽ ബാധിച്ചിട്ടുണ്ടെന്നും പകർച്ചവ്യാധികൾക്ക് ഒന്നിലധികം തരംഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിന്റെ കേസും സമാനമാണെന്നും രണ്ടാം തരംഗം എത്ര കഠിനമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും യോഗേഷ് മുന്നറിയിപ്പ് നൽകി. കൊവിഡ് ചികിത്സാരീതിയെ കുറിച്ച് അറിയാമെങ്കിലും വെെറസിന്റെ ഘടകമാറ്റം സംബന്ധിച്ച ആശങ്കകളും ഡോ യോഗേഷ് പങ്കുവച്ചു.വ്യത്യസ്ത തരം കാലാവസ്ഥകളിൽ വൈറസ് വ്യത്യസ്തമായി പ്രവർത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.