hyderabadh

ഹൈദരാബാദ്: തെലങ്കാന ഹൃദയഭൂമിയിൽ അടിത്തറയിളകിയതിന്റെ ആശങ്കയിലാണ് ടി.ആർ.എസ് തിരിച്ചടിയുടെ കാരണം പരിശോധിച്ച് തിരുത്തുമെന്ന് പാർട്ടി വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് ടി.ആർ.എസിന് എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണ കൂടിയേ തീരൂ. അതേസമയം അട്ടിമറി മുന്നേറ്റം ആഘോഷമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

കേവലം പത്തു ശതമാനം വോട്ട് വിഹിതത്തിൽ നിന്നും അഞ്ച് വർഷം കൊണ്ട് മുപ്പത്തിയഞ്ച് ശതമാനത്തിലധികം വളർച്ച നേടിയാണ് ബി.ജെ.പി ഹൈദരാബാദിൽ നിർണായക ശക്തിയാകുന്നത്. ടി.ആർ.എസിന്റെ കോട്ടകളായിരുന്ന 48 വാർഡുകളാണ് പിടിച്ചെടുത്തത്. നഗരത്തിൽ പ്രളയക്കെടുതിയുണ്ടായ മേഖലകളടക്കം ബി.ജെ.പി തൂത്തുവാരി.

ഭരണവിരുദ്ധവികാരവും ബി.ജെ.പിയുടെ തന്ത്രങ്ങളും ഒരുമിച്ച് ജനങ്ങളെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.

മത്സരിച്ച 51 സീറ്റിൽ 44ഉം നേടി അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ശക്തികേന്ദ്രങ്ങൾ നിലനിറുത്തിയെന്നതും ശ്രദ്ധേയം.

55 സീറ്റ് നേടിയ ടി.ആർ.എസിന്റെ ഭരണത്തുടർച്ചയ്ക്ക് ഒവൈസിയുടെ പിന്തുണ കൂടിയേ തീരൂ. ഒവൈസിയുമായി ഒരു തരത്തിലും സഖ്യമില്ലെന്ന് പറഞ്ഞാണ് ടി.ആർ.എസ് ഇത്തവണ വോട്ട് തേടിയത്. ഈ സാഹചര്യത്തിൽ ഇനി സഖ്യത്തിലേർപ്പെട്ടാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമോയെന്ന് ടി.ആർ.എസിന് ആശങ്കയുണ്ട്. മേയറെ തിരഞ്ഞെടുക്കാൻ രണ്ട് മാസം സമയം ശേഷിക്കെ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ടി.ആർ.എസിന്റെയും ഒവൈസിയുടെയും പ്രതികരണം.

അതേസമയം, നഗരത്തിൽ രണ്ടു ദിവസത്തേക്ക് ആഘോഷ പരിപാടികൾ നിരോധിച്ചിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. നേതാക്കളോട് ഒരാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിലേക്ക് മാറാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം ചരിത്രമുന്നേറ്റം ആഘോഷമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി കേന്ദ്ര നേതാക്കളെയടക്കം പങ്കെടുപ്പിച്ച് വമ്പൻ റാലി സംഘടിപ്പിക്കാനാണ് ആലോചന.

നേരത്തെ നഗരത്തിൽ ശക്തമായ സാന്നിദ്ധ്യമായിരുന്ന കോൺഗ്രസും (2 സീറ്റ്) ടി.ഡി.പിയും ചിത്രത്തിലേ ഇല്ലാതായതും ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.