
കൊല്‍ക്കത്ത: ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന നിര്‍ദേശവുമായി കൊല്‍ക്കത്ത പൊലീസ്. വാഹനം ഓടിക്കുന്നയാളും പിന്നില്‍ ഇരിക്കുന്ന വ്യക്തിയും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണം. നിര്‍ദേശം അവഗണിച്ച് എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കാന്‍ പാടില്ലെന്നും പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പെട്രോള്‍ പമ്പുടമകള്‍ക്ക് കൈമാറി.
ഡിസംബര്‍ 8 മുതല്‍ കൊല്‍ക്കത്ത പൊലീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിയമം പ്രാബല്യത്തില്‍ വരും. ഫെബ്രുവരി രണ്ട് വരെയാണ് ഉത്തരവിന് സാധുതയുള്ളത്. പൊലീസിന്റെ നിര്‍ദേശം പുറത്തു വന്നതിന് പിന്നാലെ ഹെല്‍മറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഹെല്‍മറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഹെല്‍മറ്റ് ഇല്ലാത്തവര്‍ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ പേരുവിവരങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എല്ലാവരും ഹെല്‍മറ്റ് ധരിച്ച് വാഹനം ഓടിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.കൊവിഡ്-19 സുരക്ഷാ മാര്‍ഗങ്ങളുടെ ഭാഗമായി മാസ്‌ക് ധരിച്ചില്ലെങ്കില്‍ 2,000 രൂപ പിഴ നല്‍കണമെന്ന് പറയുന്ന സര്‍ക്കാരുകളെ പോലെയല്ല ഈ സര്‍ക്കാര്‍. മാസ്‌ക് ധരിക്കണമെന്ന് അഭ്യര്‍ഥിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്‍കും' - എന്നും മമതാ പറഞ്ഞു.
ഡിസംബര്‍ 8 മുതല്‍ ഹെല്‍മറ്റ് ഇല്ലാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ക്കും പെട്രോള്‍ നല്‍കില്ലെന്ന്
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ അനുജ് ശര്‍മ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് പുറത്തിറക്കി. ഫെബ്രുവരി രണ്ടുവരെ തീരുമാനം തുടരാനാണ് തീരുമാനം.