yogi

ലക്നൗ : കൊവിഡ് വാക്സിന്റെ വരവിന് മുന്നോടിയായുള്ള സജ്ജീകരണങ്ങൾക്ക് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാക്സിൻ സൂക്ഷിക്കുന്നതിനുള്ള സംഭരണശേഷി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ച യോഗി, വാക്സിൻ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷയെ ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയുമായാണ് താരതമ്യപ്പെടുത്തിയത്.

ഡിസംബർ 15 ഓടെ കോൾഡ് സ്റ്റോറേജ് കപ്പാസിറ്റി 2.30 ലക്ഷം ലിറ്റർ ആയി ഉയർത്താനാണ് യോഗി നിർദ്ദേശിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഡിവിഷനുകളിലും കോൾഡ് ചെയിൻ സംവിധാനം ഉറപ്പാക്കണമെന്നും യോഗി പറഞ്ഞു. ' വാക്സിന്റെ ലഭ്യത ഉറപ്പാക്കാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തണം. ഇലക്ടോണിക് വോട്ടിംഗ് മെഷീനുകളുടെ അതേ രീതിയിൽ തന്നെ വാക്സിൻ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ' വാക്സിനുകൾ നൽകുന്നതിന് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും യോഗി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കൊവിഡ് വാക്സിനെത്തിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അഞ്ച് വാക്സിനുകളുടെ ട്രയൽ നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്സിന്റെ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്.