
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം ബ്ലോക്കിന്റെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ആർ.എസ്.എസ് താത്വികാചാര്യനായ ഗോൾവാൾക്കർ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ് എന്നതാണ് ചോദ്യമെങ്കിൽ ഖേൽ രത്‌ന പുരസ്കാരം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്നത് എന്തുകൊണ്ടെന്ന് തിരിച്ച് ചോദിക്കേണ്ടി വരും എന്നാണ് ശോഭ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
കുറിപ്പ് ചുവടെ:
'ഗുരുജി ഗോൾവാൾക്കർ ശാസ്ത്ര ശാഖയ്ക്ക് ചെയ്ത സംഭാവന എന്താണ് എന്നതാണ് ചോദ്യമെങ്കിൽ, രാജീവ് ഗാന്ധി എന്ത് കബഡി കളിച്ചിട്ടാണ് ഖേൽ രത്‌നയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന എന്ന് വിളിക്കുന്നത് എന്ന് തിരിച്ച് ചോദിക്കേണ്ടി വരും?
നിങ്ങൾ നിരോധിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സന്നദ്ധ സംഘടനയെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാതൃസംഘടന എന്ന നിലയിലേക്ക് വളർത്തിയ ഒരു മനുഷ്യൻ ആദരിക്കപ്പെടുന്നതിൽ നിങ്ങൾക്ക് പൊള്ളും. ആ പൊള്ളലിന്റെ നിലവിളിക്കപ്പുറം ഇതൊക്കെ ആര് കാര്യമാക്കുന്നു?'