
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് പോസ്റ്ററടിച്ചാൽ സ്വാഭാവികമായി കിട്ടേണ്ട വോട്ട് പോലും സി.പി.എമ്മിന് കിട്ടുകയില്ല എന്ന് പാർട്ടിക്ക് ബോദ്ധ്യമായെന്ന് ആർ.എം.പി കൊല്ലപ്പെട്ട പാർട്ടി സ്ഥാപകൻ ടി.പി ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. വളരെ ബോധപൂർവവും തന്ത്രപൂർവവുമാണ് സി.പി.എം അദ്ദേഹത്തെ പ്രചാരണത്തിൽ നിന്നും മാറ്റി നിർത്തിയതെന്നും അവർ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചണത്തിനായി ഇറങ്ങാൻ കൊവിഡ് തടസമായി നിൽക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തൻ മരിച്ചപ്പോൾ കാണാൻ പോകാൻ ഈ പ്രശ്നമില്ലായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. അടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക മുഖ്യമന്ത്രിയെ ആയിരിക്കുമെന്നും അപ്പോൾ ആരെല്ലാം വിയർക്കുമെന്ന് കാണാമെന്നും രമ പറയുന്നു.
എല്ലാം കൃത്യമായി മുഖ്യമന്ത്രിയിലേക്ക് എത്തുകയാണെന്നും രമ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെയും രമ ആരോപണങ്ങളുയർത്തി. വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ടെന്നും നിരവധി സ്ഥാപനങ്ങൾ രവീന്ദ്രന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്നുണ്ടെന്നും അവർ ആരോപിച്ചു.
ഇതിനായി എവിടെ നിന്നുമാണ് അദ്ദേഹത്തിന് പണം ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫ് എന്ന നിലയിൽ മാത്രം ഇത്തരത്തിൽ പണം സമ്പാദിക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. ടി.പി ചന്ദ്രശേഖരനെ കൊന്നവർക്ക് യു.ഡി.എഫുമായുള്ള ആർ.എം.പിയുടെ പ്രദേശിക നീക്കുപോക്കിനെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള അർഹതയില്ലെന്നും അവർ പറഞ്ഞു.