
ബംഗളൂരു: കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയതോടെ തന്റെ സൽപേര് നഷ്ടപ്പെട്ടുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.12 വർഷമായി സംസ്ഥാനത്തെ ജനങ്ങളിൽ നിന്നും നേടിയെടുത്ത സൽപേരാണ് കോൺഗ്രസിനൊപ്പം ചേർന്നതോടെ നഷ്ടപ്പെട്ടതെന്നും കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും കുമാര സ്വാമി ആരോപിച്ചു.
"2006 -2007 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ ഞാൻ നേടിയ സൽപ്പേര് കോണ്‍ഗ്രസുമായുള്ള സഖ്യം കാരണം നഷ്ടപ്പെട്ടു. 2006ല്‍ ബി.ജെ.പിയുമായി ഉണ്ടായ പ്രശ്നത്തിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് പടിയിറങ്ങുമ്പോഴും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ 2018ൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ശേഷം എന്റെ എല്ലാ സൽപ്പേരും നശിച്ചു. പിതാവ് ദേവഗൗഡ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ കോൺഗ്രസെന്ന കെണിയില്‍ വീണു പോയത്." എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.
ജെ.ഡി.യു ബി.ജെ.പിയുടെ ‘ബി ടീമാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചിരുന്ന കോൺഗ്രസുമായി കെെകോർക്കാൻ പാടില്ലായിരുന്നുവെന്നും പിതാവ് എച്ച്.ഡി ദേവഗൗഡയുടെ വാക്ക് കേട്ടാണ് കോൺഗ്രസിനൊപ്പം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.തുടർന്നാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസും ജെ.ഡി.എസും സഖ്യം ചേർന്നത്. ബി.ജെ.പിക്കൊപ്പം സഖ്യം തുടർന്നിരുന്നെങ്കിൽ താൻ ഇപ്പോഴും മുഖ്യമന്ത്രിയായി തുടർന്നേനെയെന്നും കുമാരസ്വാമി പറഞ്ഞു.