
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചർച്ചാവിഷയമെന്നും തിരഞ്ഞെടുപ്പിന്റെ ഫലം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ആകുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ വിധിയെഴുതാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
'സ്വർണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളിൽ എതിരാളികൾക്കുള്ള മറുപടിയാവും തിരഞ്ഞെടുപ്പ് ഫലം.വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉയർത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങൾക്കിയാം. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചർച്ചാ വിഷയം. സർക്കാരിന്റെ വിലയിരുത്തൽ കൂടിയാവും തദ്ദേശ തിരഞ്ഞെടുപ്പ്. യു ഡി എഫും- ബി ജെ പി യും സയാമീസ് ഇരട്ടകളാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് കേവല ഭൂരിപക്ഷം മറികടക്കും. നഗരസഭയിൽ ബി ജെ പിക്ക് സീറ്റുകൾകുറയും'- അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുളള സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇതിനുളള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊവിഡ് ഭീതിയിൽ കൊട്ടിക്കലാശമുൾപ്പടെയുളളവ ഒഴിവാക്കിയിട്ടുണ്ടെങ്കിലും മുന്നണികൾ അവസാന മണിക്കൂറിൽ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പടെ പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയാണ് വച്ചുപുർത്തുന്നത്. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ തങ്ങൾക്ക് കാര്യമായ സീറ്റ് വർദ്ധന ഉണ്ടാവുമെന്നാണ് മൂന്നുമുന്നണികളുടെയും അവകാശവാദം.