
ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ കർഷകർ ഡൽഹിയിലും അതിർത്തികളിലും നടത്തുന്ന സമരം പത്ത് ദിനം പിന്നിട്ടു. പ്രതിഷേധം അവസാനിപ്പിക്കാൻ കഠിന പ്രയത്‌നത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ ഡൽഹി അതിർത്തിയിലെ പട്ടിണി പാവങ്ങൾക്ക് സമരം അനുഗ്രഹമാണ്.
കഴിഞ്ഞ പത്ത് ദിവസങ്ങളായി വയറു നിറയെ ആഹാരം കഴിച്ചാണ് ഇവിടെയുള്ള കുട്ടികൾ ഉറങ്ങുന്നത്. അവർക്ക് അന്നം നൽകുന്നതാകട്ടെ കർഷകരുടെ കമ്മ്യൂണിറ്റി കിച്ചണും. അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർക്ക് മാത്രമല്ല സമീപമുള്ള നിരാലംബരായ ആളുകൾക്കും കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭിക്കുന്നു.
പത്തുവയസുകരിയായ റുബിയാലിനും, സഹോദരി മസുമയ്ക്കും ബുധനാഴ്ച മുതൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല . നൂറുകണക്കിന് കർഷകർ തമ്പടിച്ചിരിക്കുന്ന സിങ്കു അതിർത്തിയ്ക്ക്(ഡൽഹി-ഹരിയാന അതിർത്തി) അടുത്തുള്ള കുടിലിലാണ് അവർ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത്.ക്ലാസ് കഴിയുമ്പോഴേക്ക് കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണം തീർന്നുപോകുമോ എന്നാണ് ഇവരുടെ പേടി.
കമ്യൂണിറ്റി കിച്ചണിൽ ദിവസേന മൂന്ന് നേരമാണ് ഭക്ഷണം വിളമ്പുന്നത്. ചായ, ലഘുഭക്ഷണം, പഴങ്ങൾ, ചപ്പാത്തി തുടങ്ങിയവയൊക്കെ നൽകുന്നു. 'ഞങ്ങൾ രാവിലെ 9 മണിയോടെ ഇവിടെയെത്തും. ചായ, ബിസ്‌കറ്റ്, ഓറഞ്ച് എന്നിവ ഉണ്ടായിരുന്നു, തുടർന്ന് ചപ്പാത്തിയും കറിയും കഴിച്ചു. വൈകുന്നേരം അവർ ഞങ്ങൾക്ക് കരിമ്പും വാഴപ്പഴവും തന്നു.'-ഒരു കുട്ടി പറഞ്ഞു.
കർഷകർ ഉപയോഗിച്ച പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ എന്നിവ ചാക്കുകളിൽ ശേഖരിച്ച് വിൽപന നടത്തുന്ന ആളുകളും ഉണ്ട്.സമരം തുടങ്ങിയ ശേഷം ഇവർക്ക് ദൂരെ സ്ഥലങ്ങളിൽ പോകാതെ തന്നെ ഇവ ശേഖരിക്കാൻ സാധിക്കുന്നു.