
മോഹൻലാൽ-ബി ഉണ്ണികൃഷണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ' ആറാട്ടിന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാറിൽ നിന്നിറങ്ങുന്ന മോഹൻലാലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉള്ളത്. സിനിമയിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 2255 എന്ന നമ്പറുള്ള കറുത്ത വിന്റേജ് ബെൻസായിരിക്കും താരം സിനിമയിൽ ഉപയോഗിക്കുക.
പതിനെട്ട് കോടി രൂപയുടെ ബഡ്ജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്.നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.