
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിന് ആർ.എസ്.എസ് സ്ഥാപക നേതാവ് ഗോൾവാൾക്കറുടെ പേര് നൽകിയതുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള വാക്പോര് തുടരുന്നു. ഗോൾവാൾക്കറിന്റെ പേര് നൽകിയതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബിജെപിയുടെ പക്ഷം.
സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. മഹാൻമാരുടെ പേരുകൾ അങ്ങനെ പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സിപിഎം രംഗത്തെത്തി.
കേരളം നവോത്ഥാനത്തിന്റെയും, ശ്രീനാരായണ ഗുരുവിന്റെയും നാടാണെന്ന കാര്യം മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.നവോത്ഥാനത്തിനാണ് കേരളം എന്നും മേൽക്കൈ നൽകിയിട്ടുള്ളത്. വർഗീയതയ്ക്കല്ല. എല്ലാത്തരം വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കേന്ദ്രത്തിന് കത്തയച്ചിരുന്നു.