
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ്, ക്വട്ടേഷൻ എന്നപേരിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ, അധനികൃത സ്വത്ത് സമ്പാദനം ,സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ എന്നിവയിലൂടെ വിവാദനായകനായ സി പി എം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തായി. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമുളള ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുളളത്.
താനുൾപ്പെടുന്ന പാർട്ടി ഫോറത്തിൽ അറിയിക്കാതെയാണ് വിദേശയാത്രകൾ നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദേശയാത്ര നടത്തിയെന്ന് വ്യക്തായത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ദുബായിയിലേക്ക് പോയി എന്നാണ് പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷത്തിൽ ബാങ്കോക്കിലേക്ക് പോയെന്ന് വ്യക്തമായി. കളമശേരിമേഖലയിൽ പത്തുവർഷത്തിനുളളിൽ നാലുവീടുകൾ സ്വന്തമാക്കി. അഞ്ചാമതൊരു വീടുകൂടി സ്വന്തമാക്കാൻ ശ്രമം നടത്തി. ഇത്തരത്തിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുകയും പാർട്ടിയെ ദുരുപയോഗിച്ച് അനധികൃത സ്വത്തുകൾ സമ്പാദിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സക്കീർ ഹുസൈന തിരുത്തുന്നതിനുളള നടപടികൾ കളമശേരി ഏരിയാ കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. രണ്ടംഗ കമ്മീഷനാണ് സക്കീർഹുസൈനെതിരെ അന്വേഷണം നടത്തിയത്.
രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളതുകൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമായിരുന്നു സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം.സക്കീർഹുസൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ട് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പാർട്ടിക്ക് ഏറെ അവമതിപ്പ് ഉണ്ടാക്കിയ പ്രവൃത്തികളാണ് സക്കീർഹുസൈന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. അതിനിടെ സക്കീർഹുസൈനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നൽകി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.