city-hatchback

കൊച്ചി: പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ വൻ സ്വീകാര്യതയുള്ള സെഡാൻ മോഡലായ സിറ്റിക്ക് ഇനി ഹാച്ച്ബാക്ക് പതിപ്പും. ഇന്ത്യൻ വിപണിയിൽ ഇപ്പോഴുള്ള സിറ്റി സെഡാൻ അഞ്ചാംതലമുറ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹാച്ച്‌ബാക്കിന്റെയും നിർമ്മാണം.

ആദ്യഘട്ടത്തിൽ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലായിരിക്കും സിറ്റി ഹാച്ച്ബാക്ക് ഹോണ്ട എത്തിക്കുക. 4,349 എം.എം. നീളവും 1,748 എം.എം. വീതിയുമുള്ളതാണ് കാർ. ഉയരം 1,488 എം.എം. വീൽബെയ്സ് 2,589 എം.എം. അകത്തളം വിശാലമായിരിക്കുമെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം.

എൻജിൻ

1.0 ലിറ്റർ, മൂന്ന് സലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ് സിറ്റി ഹാച്ച്ബാക്കിനുണ്ടാവുക. 5,500 ആർ.പി.എമ്മിൽ 122 പി.എസ് കരുത്തുള്ള എൻജിൻ മികച്ച പെർപോമൻസ് കാഴ്‌ചവയ്ക്കും. 2,000-4,500 ആർ.പി.എമ്മിൽ 173 എൻ.എം ടോർക്കും ഒപ്പമുണ്ടെന്നത് മികവാണ്. സി.വി.ടി യൂണിറ്റ് ട്രാൻസ്‌മിഷൻ സംവിധാനമാണ് സിറ്റി ഹാച്ച്ബാക്കിനും ഹോണ്ട നൽകിയിട്ടുള്ളത്.

കാബിൻ

സ്‌പോർട്ടീ ഫീൽ സമ്മാനിക്കുന്ന സമ്പൂർണ കറുപ്പ് തീമാണ് അകത്തളത്തിലുള്ളത്. സിറ്റി സെഡാനിൽ നിന്ന് കടംകൊണ്ടതാണത്. എട്ടിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് കാണാം. യു.എസ്.ബി പോർട്ടുകൾ, പാഡിൽ ഷിഫ്‌റ്റുകൾ, ക്രൂസ് കൺട്രോൾ, ഹോണ്ട കണക്‌ട് ടെലിമാറ്റിക്‌സ് എന്നിവയുമുണ്ട്.

ഹോണ്ടയുടെ മികവായ ഇന്നൊവേറ്റീവ് പിൻ സീറ്റുകളാണ് മറ്റൊരു ആകർഷണം. സ്‌റ്റോറേജ് സൗകര്യത്തിന് പറ്റുംവിധം ഏത് ദിശയിലേക്കും അവ മടക്കാൻ പറ്റും.

പുറംമോടി

ഹാച്ച്ബാക്കിന്റെ വശങ്ങൾ സിറ്റി സെഡാന്റേത് പോലെ തന്നെ. പിൻഭാഗത്താണ് പുതുമനിറയുന്നത്. പുത്തൻ ഫീച്ചറുകൾ, ടെയ്‌ൽ ലൈറ്റുകൾ, ബമ്പറുകൾ എന്നിവയെല്ലാം ഹാച്ച്ബാക്കിലേക്കുള്ള ഒരു പരിവർത്തനം ചൂണ്ടിക്കാട്ടുന്നു.

ആർ.എസ് വേരിയന്റിൽ പുറംമോടിയിലും കറുപ്പിന്റെ അധിനിവേശം കാണാം. മുന്നിൽ ഗ്രിൽ ബ്ളാക്ക് ട്രിമ്മിൽ തീർത്തിരിക്കുന്നു. എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും ചന്തം നൽകുന്നു. സ്‌പോർട്ടീ ബമ്പറാണ് മറ്റൊരു ആകർഷണം. സൈഡ് ഒ.ആർ.വി.എമ്മിലും കറുപ്പ് പൂശിയിരിക്കുന്നു. ഡാർക്ക് ക്രോമിൽ തീർത്തതാണ് 16-ഇഞ്ച് അലോയ് വീലുകൾ.

വിപണി

ഇന്ത്യയിലും സിറ്റി ഹാച്ച്ബാക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. ജാസിന് പകരക്കാരനായി തായ്‌ലൻഡ്, മലേഷ്യ, ഇൻഡോനേഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ സിറ്റി ഹാച്ച്ബാക്ക് അവതരിപ്പിക്കാനാണ് ഹോണ്ട ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. തായ്‌ലൻഡ് വിപണിയിലെത്തിയ സിറ്റി ഹാച്ച്ബാക്കിന് അവിടെ 14 ലക്ഷം രൂപയാണ് (5.99 ലക്ഷം ബാട്ട്) ആരംഭവില. ഇന്ത്യയിലും സമാനവില പ്രതീക്ഷിക്കാം.