che

തിരുവനന്തപുരം: യു ഡി എഫ് - ബി ജെ പി ബാന്ധവമെന്ന സി പി എമ്മിന്റെ ആരോപണം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി മുന്നിൽകണ്ടുകൊണ്ടുളള മുൻകൂർ ജാമ്യമെടുക്കലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

'ആസന്നമായ പരാജയത്തിൽ വിറളി പൂണ്ടാണ് പിണറായി വിജയനും ,കടകംപള്ളി സുരേന്ദ്രനുമെല്ലാം യു ഡി എഫ് -ബി ജെ പി കൂട്ടുകെട്ടെന്ന വ്യാജപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാത്ത ഇടതുമുന്നണി യു ഡി എഫ് വൻ വിജയം നേടുമെന്ന് കണ്ടപ്പോൾ കളളപ്രചാരണങ്ങളും വർഗീയതുമായി ഇറങ്ങിയിരിക്കുകയാണ്. ബി ജെ പിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നുപറഞ്ഞ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നവർ ബി ജെ പിയുടെവോട്ട് നേടാനുളള പാലമായാണ് പ്രവർത്തിക്കുന്നത്. പാർട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കൊടുക്കാൻ സി പി എം ഭയക്കുകയാണ്
'-ചെനിത്തല ആരോപി​ച്ചു.

നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാൻ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ലാവ്‌ലി​ൻ കേസിൽ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വാ തുറക്കാത്തത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉണ്ടാകാൻ പോകുന്ന വൻ വിജയത്തിൽ സി പി എമ്മും ബി ജെ പിയും ഒരു പോലെ ആശങ്കപ്പെട്ടി​രി​ക്കുകയാണെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.