helmet

ന്യൂഡൽഹി: അടുത്ത ജൂൺ ഒന്നുമുതൽ രാജ്യത്ത് ബി.ഐ.എസ് മുദ്ര‌യില്ലാത്ത ടൂവീലർ ഹെൽമറ്റുകൾ നിർമ്മിക്കാനോ വിൽക്കാനോ പാടില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ചാൽ അത് കുറ്റകൃത്യമായി കണക്കാക്കി നിയമനടപടിയെടുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മികച്ച നിലവാരവും കരുത്തുമുള്ള ഹെൽമറ്റുകൾക്കേ ബി.ഐ.എസ് മുദ്ര ലഭിക്കൂ. രാജ്യത്ത് റോഡ് അപകടങ്ങളിലെ പരിക്കിൽ 45 ശതമാനവും തലയ്ക്കാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ, 30 ശതമാനത്തോളവും തലച്ചോറിനെ ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്.

കഴിഞ്ഞവർഷം 56,000 ടൂവീലർ യാത്രക്കാരാണ് ഇന്ത്യയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 43,600 പേരും ഹെൽമറ്റ് വയ്ക്കാത്തവരാണ്. നിലവാരമില്ലാത്ത, അതായത് ബി.ഐ.എസ് മുദ്ര‌യില്ലാത്ത ഹെൽമറ്റ് വയ്ക്കുന്നതും റോഡപകടങ്ങളിലെ മരണനിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്.

70%

ഇന്ത്യൻ നിരത്തിലെ 70 ശതമാനം വാഹനങ്ങളും ടൂവീലറുകളാണ്.

40%

ഇന്ത്യയിൽ വിറ്റഴിയുന്ന ഹെൽമറ്റുകളിൽ 40 ശതമാനവും ബി.ഐ.എസ് മുദ്ര‌യില്ലാത്തതാണ്.