covid-vaccine

വാഷിംഗ്ടൺ: ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു. ബ്രിട്ടനിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണിത്. ഡിസംബർ നാലിനാണ് ഫോം സി.ടി 18 പ്രകാരം ഫൈസർ അപേക്ഷ നൽകിയത്. പരീക്ഷണത്തിൽ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസർ.

മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയിൽ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ, അനുമതി നൽകിയാലും വാക്‌സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടി വരുമെന്നുള്ളത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.

അതേസമയം, അഞ്ച് കൊവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിൻ, ഓക്സ്ഫഡും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ്, എന്നിവ അവസാനഘട്ട പരീക്ഷണത്തിലാണ്.

അതേസമയം, വാക്സിൻ കൊവിഡ് വ്യാപനം തടയാൻ സഹായകമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗള പ്രതികരിച്ചു. വാക്സിനേഷന് ശേഷവും ഒരാൾക്ക് കൊവിഡ് പരത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇക്കാര്യത്തിൽ നിലവിൽ ഉറപ്പ് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനത്തെ വാക്സിൻ എങ്ങനെ സ്വാധീനിക്കുമെന്ന് ഇതുവരെ ഗവേഷണത്തിലൂടെ തെളിഞ്ഞിട്ടില്ലെന്നാണ് ഗവേഷണവുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. വാക്സിൻ സ്വീകരിച്ച ആളുകൾക്ക് രോഗം വരില്ലെങ്കിലും അവർക്ക് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകർത്താൻ കഴിഞ്ഞേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.