farmers-protest

ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് കര്‍ഷകരും പൊലീസ് സന്നാഹവും അതിര്‍ത്തികളില്‍ നിലയുറപ്പിച്ചതോടെ കര്‍ഷക പ്രക്ഷോഭച്ചൂടിൽ നഗരം. ബന്ദിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് വ്യക്തമാക്കിയതോടെ സമരം വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തമാവുമെന്ന് ഉറപ്പായി.

അഞ്ചാംഘട്ട ചര്‍ച്ചയും അനിശ്ചിതത്വത്തിലായതിനാല്‍ നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കര്‍ഷകര്‍ നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ തന്നെ ഉറച്ചുനിന്നു.ഡിസംബര്‍ 9ന് വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഇരുകൂട്ടരും തമ്മിൽ ധാരണയായി.

അതെസമയം, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നകാര്യം ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററികാര്യ മന്ത്രിതല സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂര്‍ണമാക്കാനാണ് കര്‍ഷക സംഘടനകളുടെ ആലോചന. രാജ്യത്തെ ദേശീയപാതകള്‍ എല്ലാം ഉപരോധിക്കാനാണ് നീക്കം. ഇടതു പാര്‍ട്ടികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.