
ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബി.ജെ.പി. വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളും ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. പത്തുവർഷത്തിനിടെ ആദ്യമായാണ് ഇവിടെ ബി.ജെ.പി തോൽക്കുന്നത്. സമാജ്‌വാദി സ്ഥാനാർത്ഥികളാണ് ഈ സീറ്റുകളിൽ വിജയിച്ചത്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി നാല് സീറ്റുകളിലും സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും സ്വതന്ത്രസ്ഥാനാർത്ഥികൾ രണ്ടുസീറ്റിലും വിജയിച്ചു. രണ്ടുമണ്ഡലങ്ങളിലെ ഫലം ഇതുവരെ വന്നിട്ടില്ല.
ചൊവ്വാഴ്ചയാണ് യു.പി കൗൺസിലിലെ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 199 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ തോൽവി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇത് വലിയ വിജയമാണെന്ന് സമാജ്‌വാദി വക്താക്കൾ പ്രതികരിച്ചു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേജ്‌രിവാളിനെതിരെ 36 ശതമാനം വോട്ടുകളുടേയും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിക്കെതിരെ 45 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് നരേന്ദ്ര മോദി വാരാണാസിയിൽ നിന്ന് വിജയിച്ചത്. 2014നും മുമ്പും ബി.ജെ.പി നേതാവായ മുരളി മനോഹർ ജോഷിയായിരുന്നു വാരാണാസിയിൽ നിന്നുള്ള ലോക്‌സഭാഗം.