
പാരീസ്:ഒരേസമയം രണ്ട് പോർവിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്‌ക്കാൻ ശേഷിയുള്ള സെക്കൻഡ് ഹാൻഡ് എയർബസ് 330 ട്രാൻസ്‌പോർട്ട് - ടാങ്കർ വിമാനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഫ്രാൻസിൽ നിന്ന് വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നു. വില വെളിപ്പെടുത്തിയില്ല. പുതിയ ടാങ്കർ ഒന്നിന് 1200 കോടിയോളം രൂപയായിരുന്നു വില. കൊവിഡ് കാരണം വിലയിടിഞ്ഞതിനാൽ ഇവ വാങ്ങുന്നത് ഇന്ത്യയ്‌ക്ക് ലാഭമാണെന്ന് വിദഗ്ദ്ധർ പറയുന്നു.പാസഞ്ചർ വിമാനമായ എയർബസ് 330 പരിഷ്‌കരിച്ച് നിർമ്മിച്ച വിവിധോദ്ദേശ്യ വിമാനങ്ങളാണിവ. യൂറോപ്യൻ കമ്പനിയാണ് എയർബസ്.
ഫ്രാൻസ് ഉപയോഗിക്കുന്ന അഞ്ച് മുതൽ ഏഴ് വർഷം വരെ പഴക്കമുള്ള എയർബസ് 330 മൾട്ടി റോൾ ട്രാൻസ്‌പോർട്ട് ടാങ്കറുകൾ (എം.ആർ.ടി.ടി ) ആറെണ്ണം വില കുറച്ച് നൽകാമെന്ന ഫ്രഞ്ച് ഗവൺമെന്റിന്റെ നിർദ്ദേശമാണ് പരിഗണിക്കുന്നത്. വിമാനങ്ങൾക്ക് മുപ്പത് വർഷത്തെ ആയുസും ഫ്രാൻസ് ഉറപ്പു നൽകുന്നുണ്ട്.
ഒരു ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് ഇത്തരം ഒരു വിമാനം വാടകയ്‌ക്ക് എടുക്കാനായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ആലോചന. അപ്പോഴാണ് ഫ്രഞ്ച് വാഗ്ദാനം വന്നത്. ആസ്‌ട്രേലിയ, ബ്രിട്ടൻ, യു. എ. ഇ തുടങ്ങിയ രാജ്യങ്ങൾ എയർബസ് ടാങ്കറുകൾ ഉപയോഗിക്കുന്നുണ്ട്.
ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ നിന്ന് റാഫേൽ പോർവിമാനങ്ങൾ എത്തിയത് വ്യോമസേനയ്‌ക്ക് കൂടുതൽ പ്രഹരശേഷി നൽകിയിട്ടുണ്ട്. പുതിയ ടാങ്കറുകൾ എത്തുന്നതോടെ പോർവിമാനങ്ങളുടെ പ്രഹര പരിധിയും വർദ്ധിക്കും.
റഷ്യയിൽ നിന്ന് വാങ്ങിയ ഏഴ് ഐ.എൽ - 76 ടാങ്കറുകളാണ് വ്യോമസേന ഇപ്പോൾ ഉപയോഗിക്കുന്നത്. പാകിസ്ഥാൻ ഉക്രെയ്‌നിൽ നിന്ന് ഇതേ ടാങ്കറുകൾ നാലെണ്ണം വാങ്ങിയിട്ടുണ്ട്. ചൈനയ്ക്ക് മൂന്നെണ്ണമുണ്ട്. കൂടാതെ റഷ്യയുടെ പത്ത് ബോംബർ വിമാനങ്ങൾ ടാങ്കറുകളായി പരിഷ്കരിച്ചും ചൈന ഉപയോഗിക്കുന്നുണ്ട്.
എയർബസ് ടാങ്കറിന്റെ മേന്മകൾ
 ഒരേസമയം ഇന്ധന ടാങ്കറായും എയർ ആംബുലൻസായും
 റാഫേൽ, സുഖോയ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് ഇറങ്ങാതെ ദീർഘദൗത്യങ്ങൾ സാദ്ധ്യമാകും
 ഇന്ധനക്ഷമത കൂടുതലാണ്
 ക്യാബിനിൽ 260 പേർക്ക് ഇരിക്കാം
 കാർഗോയിൽ ഇന്ധനം കരുതാം
 ലഡാക്ക് പോലെ ഉയർന്ന സ്ഥലങ്ങളിലും ഉപയോഗിക്കാം.
 ചിറകുകൾക്ക് നീളം കൂടുതലായതിനാൽ രണ്ട് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം.
 ചിറകുകളിലാണ് ഇന്ധനം പകരാനുള്ള ഫണൽ ട്യൂബ്